കണ്ണൂർ മൊകേരിയിൽ രണ്ട് കുട്ടികൾക്ക് ഷിഗെല്ല; അടിയന്തര യോഗം വിളിച്ച് എംഎൽഎ

news image
Jun 16, 2026, 4:02 am GMT+0000 payyolionline.in

കണ്ണൂർ: ജില്ലയിൽ രണ്ട് കുട്ടികൾക്ക് ഷിഗെല്ല സ്ഥിരീകരിച്ചു. മൊകേരി പഞ്ചായത്തിലെ നാലും എട്ടും വയസ്സുള്ള രണ്ട് ആൺകുട്ടികൾക്കാണ് രോഗം സ്ഥിരീകരിച്ചത്. നിലവിൽ രോഗബാധിതരായ കുട്ടികളുടെ ആരോഗ്യ സ്ഥിതി തൃപ്തികരമാണ്.

കൂത്തുപറമ്പ് എംഎൽഎ പി കെ പ്രവീണിന്റെ നേതൃത്വത്തിൽ ഇന്ന് അടിയന്തര യോഗം ചേരും. അടിയന്തര സാഹചര്യം കണക്കിലെടുത്താണ് യോഗം ചേരുന്നത്. പ്രദേശവാസികൾക്ക് ജില്ലാ ആരോഗ്യ വിഭാഗം ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.

അതേസമയം കഴിഞ്ഞ ദിവസം ഷിഗെല്ല ബാധിച്ച് രണ്ട് മരണമാണ് റിപ്പോർട്ട് ചെയ്തത്. തൃശൂരിൽ പനി ബാധിച്ച് മരിച്ച മാപ്രാണം സ്വദേശിയായ 43 കാരന് ഷിഗെല്ല ബാധിച്ചതായി കണ്ടെത്തിയിരുന്നു. തൃശൂർ മെഡിക്കൽ കോളേജിൽ നടത്തിയ പോസ്റ്റുമോർട്ടത്തിലാണ് ഷിഗെല്ല സ്ഥിരീകരിച്ചത്. കൊടകരയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

ഇതുവരെ സംസ്ഥാനത്ത് നാല് പേരാണ് ഷിഗെല്ല ബാധിച്ച് മരിച്ചത്. ഇന്നലെ രാവിലെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഏഴ് വയസ്സുകാരനും രോഗം ബാധിച്ച് മരിച്ചിരുന്നു. മലപ്പുറം പൂക്കോട്ടൂർ സ്വദേശിയായ വിദ്യാർത്ഥിയാണ് മരിച്ചത്. 110ൽ അധികം പേർക്കാണ് ഈ വർഷം സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്.

കഴിഞ്ഞ വർഷം ഇതേ സമയത്ത് 54 പേർക്കാണ് രോഗം ബാധിച്ചത്. 2025 ൽ ആകെ 132 പേർക്കാണ് ഷിഗെല്ല രോഗം ബാധിച്ചത്. 2024ൽ 121 പേർക്ക് രോഗം സ്ഥിരീകരിച്ചു. 2023ൽ 90 പേർക്കും 2022ൽ 83 പേർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. കൂടുതൽ ജില്ലകളിൽ രോഗസാന്നിധ്യം ഉണ്ടെന്നും ഈ വർഷത്തേത് അസാധാരണ സാഹചര്യമെന്നുമാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തൽ.

കുടലിനെയാണ് ഷിഗെല്ല രോഗാണു പ്രധാനമായും ബാധിക്കുന്നത്. വയറിളക്കം, പനി, വയറുവേദന, ക്ഷീണം, രക്തം കലർന്ന മലം എന്നിവയാണ് രോഗ ലക്ഷണങ്ങൾ. എന്നാൽ എല്ലാ രോഗികൾക്കും രോഗ ലക്ഷണങ്ങൾ കാണണമെന്നില്ല. ബാക്ടീരിയ ശരീരത്തിൽ പ്രവേശിച്ച് ഏകദേശം മൂന്ന് ദിവസത്തിന് ശേഷമാകും രോഗ ലക്ഷണങ്ങൾ കണ്ടുതുടങ്ങുക.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe