കണ്ണൂർ ട്രെയിൻ തീവയ്പ്പ്: സ്ഥലത്ത് എൻഐഎ പരിശോധന, കേസ് ഉടൻ ഏറ്റെടുത്തേക്കില്ല

news image
Jun 1, 2023, 2:27 pm GMT+0000 payyolionline.in

കണ്ണൂര്‍: കണ്ണൂരിൽ  തീപിടിത്തമുണ്ടായ ട്രെയിനിൽ എൻ ഐ എ സംഘം പരിശോധന നടത്തി. കൊച്ചിയിൽ നിന്നുള്ള ഉദ്യോഗസ്ഥരാണ് പരിശോധന നടത്തിയത്. അന്വേഷണ റിപ്പോർട്ട്‌ ഇന്ന് കൈമാറും. കേസ് ഉടൻ എൻഐഎ എറ്റെടുത്തേക്കില്ലെന്നാണ് സൂചന.

എലത്തൂർ തീവയ്പിന് പിന്നാലെ എക്സിക്യുട്ടീവ്  ട്രെയിനിൽ രണ്ടാമതും തീപിടുത്തമുണ്ടായതിനെ കേന്ദ്ര ആഭ്യന്തര മന്ത്രാലയവും ദേശീയ അന്വേഷണ ഏജൻസികളും ഏറെ ഗൗരവത്തോടെയാണ് സംഭവത്തെ കാണുന്നത്. എക്സിക്യൂട്ടീവ് ട്രെയിൻ മാത്രം ലക്ഷ്യം വെച്ച് നീങ്ങുന്നത് എന്തുകൊണ്ടാണ്? അതിന് പിന്നിൽ ഗൂഡാലോചനയുണ്ടോ? ഇരുസംഭവങ്ങളും കണ്ണൂരുമായി ബന്ധപ്പെട്ട് കിടക്കുന്നത് എന്തുകൊണ്ടാണ് ? എന്നതടക്കമുള്ള സംശയങ്ങളാണ് അന്വേഷണ സംഘങ്ങൾക്കുള്ളത്.

ഏലത്തൂർ തീവയ്പ് കേസിൽ സംസ്ഥാന പൊലീസിനപ്പുറത്തേക്ക് എൻ ഐ എയ്ക്ക് പോകാൻ കഴിഞ്ഞിട്ടില്ല. സ്വന്തം നിലയിൽ തീകത്തിച്ചെന്നാണ് പ്രതി ഷാരൂഖ് സേഫിയുടെ മൊഴി. ആദ്യ സംഭവവും രണ്ടാമത്തെ തീവയ്പും തമ്മിൽ പരസ്പര ബന്ധമുണ്ടോയെന്നതാണ് സംശയം.

അതേ സമയം, ട്രെയിൻ തീവയ്പ് കേസില്‍ പിടിയിലായ പ്രതി ഉത്തർപ്രദേശ് സ്വദേശിയാണെന്ന് വ്യക്തമാക്കി പൊലീസ്. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയേക്കും. നേരത്തെ ട്രെയിനിന് മുന്നിൽ ചവർ കൂട്ടിയിട്ട് കത്തിച്ച കേസിൽ ഇയാളെ കസ്റ്റഡിയിലെടുത്ത് വിട്ടയച്ചിരുന്നു. ഇന്നലെ ഷർട്ട് ധരിക്കാതെ പ്രതി കണ്ണൂർ റെയിൽവെ സ്റ്റേഷന്റെ ഭാഗത്തുണ്ടായിരുന്നു. ഇയാളെ ബിപിസിഎല്ലിലെ ഉദ്യോഗസ്ഥനാണ് കണ്ടത്. ഈ സാക്ഷി പ്രതിയെ തിരിച്ചറിഞ്ഞു. ചോദ്യം ചെയ്യലിൽ പ്രതി കുറ്റംസമ്മതിച്ചെന്നാണ് സൂചന. എന്നാൽ പൊലീസ് ഇക്കാര്യം വ്യക്തമാക്കിയിട്ടില്ല.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe