കണ്ണൂര്‍ വിമാനത്താവളം: ഒന്നാ ഘട്ടമായി 1113.33 ഏക്കര്‍ ഭൂമി ഏറ്റെടുത്ത് കിയാലിന് കൈമാറി: മുഖ്യമന്ത്രി

news image
Dec 13, 2022, 9:21 am GMT+0000 payyolionline.in

കണ്ണൂര്‍:  വിമാനത്താവളത്തിന് വേണ്ടി ഒന്നാം ഘട്ടമായി 1113.33 ഏക്കര്‍ ഭൂമി ഏറ്റെടുത്ത് കിയാലിന്‌ കൈമാറിയിട്ടുണ്ടെന്ന് കെകെ ശൈലജ എംഎല്‍എയുടെ ചോദ്യത്തിന് മുഖ്യമന്ത്രി മറുപടി നല്‍കി. രണ്ടാം ഘട്ടമായി 804.37 ഏക്കര്‍ ഭൂമി ഏറ്റെടുത്ത് കിയാലിന്‌ കൈമാറുന്നതിന് നടപടി സ്വീകരിച്ചുവരുന്നു. വിമാനത്താവള വികസനത്തിന്റെ ഭാഗമായ വ്യവസായ പാര്‍ക്ക് സ്ഥാപിക്കുന്നതിന് 1970.05 ഹെക്ടര്‍ ഭൂമി ഏറ്റെടുക്കേണ്ടതില്‍ കോളാരി, കീഴല്ലൂര്‍ വില്ലേജുകളില്‍പ്പെട്ട 21.81 ഹെക്ടര്‍ ഭൂമി ഭൂവുടമകള്‍ക്ക് നഷ്ടപരിഹാരം നല്‍കി ഏറ്റെടുത്ത് കിന്‍ഫ്രയ്ക്ക് കൈമാറിയിട്ടുണ്ട്.

കീഴൂര്‍, പട്ടാനൂര്‍ വില്ലേജുകളില്‍പ്പെട്ട 202.34 ഹെക്ടര്‍ ഭൂമി ഏറ്റെടുക്കുന്നതിനുള്ള ഫണ്ട് അനുവദിക്കുകയും ഭൂമി ഏറ്റെടുത്ത് കൈമാറുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു വരികയും ചെയ്യുന്നു.പ്രസ്തുത പദ്ധതിക്കായി ഏറ്റെടുക്കേണ്ട മറ്റു വില്ലേജുകളില്‍പ്പെട്ട ഭൂമിയുടെ സര്‍വ്വെ സബ്ഡിവിഷന്‍ നടപടികള്‍ ഭൂമി ഏറ്റെടുക്കേണ്ട പദ്ധതികളുടെ സാമൂഹികാഘാത പഠനം എന്നിവ പൂര്‍ത്തിയായിട്ടുണ്ട്.

വിമാനത്താവളത്തിന്റെ റണ്‍വേ 3050 മീറ്ററില്‍ നിന്നും 4,050 മീറ്ററായി ദീര്‍ഘിപ്പിക്കുന്നതിന് 99.3235 ഹെക്ടര്‍ ഭൂമി ഏറ്റെടുക്കുമ്പോള്‍ ഏകദേശം 162 കുടുംബങ്ങളെ പുനരധിവസിപ്പിക്കേണ്ടിവരുമെന്ന് കണ്ടെത്തിയിട്ടുണ്ട്. നിലവില്‍ പുനരധിവാസത്തിനായി 14.6501 ഹെക്ടര്‍ ഭൂമി ഏറ്റെടുക്കുന്നതിന്
ഭരണാനുമതി നല്‍കുകയും പ്രസ്തുത ഭൂമി ഏറ്റെടുക്കുന്നതിന് 11 (1) വിജ്ഞാപനം പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്.

റണ്‍വേ ദീര്‍ഘിപ്പിക്കുന്നതിന് 99.3235 ഹെക്ടര്‍ ഭൂമി ഏറ്റെടുക്കുന്നതിന് 942,93,77,123/ രൂപ ചെലവ് പ്രതീക്ഷിക്കുന്നു.ഭൂമി ഏറ്റെടുക്കുന്നതിനുള്ള നടപടികള്‍ ത്വരിതഗതിയില്‍ പൂര്‍ത്തീകരിച്ചുവരുന്നു. മുഖ്യമന്ത്രിക്ക് വേണ്ടി സഹകരണ – രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി വി എന്‍ വാസവന്‍ മറുപടി നല്‍കി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe