കണ്ണൂരിൽ കോടതി ജീവനക്കാരിക്ക് നേരെ ആസിഡ് ആക്രമണം; പ്രതിയെ നാട്ടുകാർ പിടികൂടി

news image
Mar 13, 2023, 2:53 pm GMT+0000 payyolionline.in

തളിപ്പറമ്പ്: കണ്ണൂർ തളിപ്പറമ്പിൽ കോടതി ജീവനക്കാരിക്കു നേരെ ആസിഡ് ആക്രമണം. സാരമായി പൊള്ളലേറ്റ ഇവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറ്റു രണ്ട് പേർക്കു കൂടി സംഭവത്തിൽ പൊള്ളലേറ്റു. കൂവോട് സ്വദേശിനി കെ. ഷാഹിദയ്ക്ക് നേരെയാണ് അക്രമണമുണ്ടായത്. കൂടെയുണ്ടായിരുന്ന കോടതി ജീവനക്കാരനായ പ്രവീൺ ജോസഫ്, സമീപത്തെ പത്രവിതരണക്കാരൻ ജബ്ബാർ എന്നിവർക്കും ആസിഡ് ദേഹത്ത് വീണ് പൊള്ളലേറ്റു. സംഭവത്തിൽ സർ സയ്യിദ് കോളജ് ലാബ് ജീവനക്കാരൻ ചപ്പാരപ്പടവ് കൂവേരിയിലെ അഷ്കറിനെ പൊലീസ് പിടികൂടി.

തിങ്കളാഴ്ച്ച വൈകിട്ട് 5.15ഓടെയാണ് ഷാഹിദക്ക് നേരെ ആസിഡ് അക്രമണമുണ്ടായത്. മുൻസിഫ് കോടതിയിലെ ടൈപ്പിസ്റ്റായ ഷാഹിദ ജോലി കഴിഞ്ഞ് സഹപ്രവർത്തകർക്കൊപ്പം ബസ് സ്റ്റാൻഡിലേക്ക് വരികയായിരുന്നു. ന്യൂസ് കോർണർ ജങ്ഷനിലെത്തിയപ്പോഴാണ് അഷ്കർ കൈയ്യിൽ കരുതിയ ആസിഡ് ഷാഹിദയുടെ ദേഹത്തേക്ക് ഒഴിച്ചത്.

ഷാഹിദ ബഹളം വച്ചതോടെ നാട്ടുകാർ അഷ്കറിനെ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. പ്രവീൺ ജോസഫിന്‍റെ കാലിനും സമീപത്ത് സായാഹ്ന പത്രം വിൽക്കുകയായിരുന്ന ജബ്ബാർ എന്നയാൾക്കും പൊള്ളലേറ്റു. ഷാഹിദയുടെ മുഖത്തും മറ്റ് ശരീരഭാഗങ്ങളിലുമെല്ലാം പൊള്ളലേറ്റിട്ടുണ്ട്. ഇവർ ചികിത്സയിലാണ്.

കോളജ് ലാബ് ജീവനക്കാരനായ അഷ്ക്കർ ലാബിൽ നിന്ന് കൈക്കലാക്കിയ ആസിഡാണ് യുവതിയുടെ ശരീരത്തിൽ ഒഴിച്ചതെന്നാണ് പ്രാഥമിക നിഗമനം. പൊലീസ് അന്വേഷണം തുടങ്ങി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe