കണ്ണീരായി ഫാമിലി ടൂർ; 3 പേരുടെ ജീവനെടുത്ത് അടിമാലി അപകടം; മരിച്ചവരില്‍ പിഞ്ചുകുഞ്ഞും

news image
Mar 19, 2024, 3:27 pm GMT+0000 payyolionline.in

ഇടുക്കി: ഇടുക്കി അടിമാലിയിൽ മാങ്കുളത്ത് 3 പേരുടെ ജീവൻ നഷ്ടമായ വാഹനാപകടത്തിൽ പെട്ടത് തമിഴ്നാട്ടിൽ നിന്നുള്ള വിനോദ സഞ്ചാരികളുടെ സംഘം. തമിഴ്നാട്ടിലെ സ്വകാര്യ പ്രഷർകുക്കർ കമ്പനിയിൽ നിന്നും ഉല്ലാസയാത്രയ്ക്ക് എത്തിയതായിരുന്നു ഇവർ. ആനന്ദ പ്രഷർ കുക്കർ കമ്പനിയിലെ ഫാമിലി ടൂർ ആയിരുന്നു ദുരന്തത്തിലവസാനിച്ചത്. കമ്പനിയിലെ ജീവനക്കാരും അവരുടെ കുടുംബാം​ഗങ്ങളുമാണ് വാഹനത്തിലുണ്ടായിരുന്നത്.

വൈകിട്ട് 5 മണിയോടെയായിരുന്നു അപകടം. മാങ്കുളത്ത് നിന്ന് ആനക്കുളത്തേക്ക് വരുന്ന വഴി കുവറ്റ് സിറ്റിക്ക് ശേഷമുള്ള ഒരു വളവിൽ വെച്ചാണ് ട്രാവലർ കൊക്കയിലേക്ക് മറിഞ്ഞത്. നിയന്ത്രണം നഷ്ടപ്പെട്ട് റോഡരികിലെ ക്രാഷ് ബാരിയർ തകർത്ത് 30 അടി താഴ്ചയിലേക്ക് ട്രാവലർ മറിയുകയായിരുന്നു. പ്രദേശത്തുണ്ടായിരുന്ന നാട്ടുകാരാണ് രക്ഷാപ്രവർത്തനത്തിനായി ഓടിയെത്തിയത്. വളരെ താഴെയായി വാഹനം കിടന്നതിനാൽ രക്ഷാപ്രവർത്തനം ദുഷ്കരമായിരുന്നു. ഏകദേശം മുക്കാൽ മണിക്കൂർ നേരത്തെ പരിശ്രമത്തിനൊടുവിലാണ് വാഹനത്തിൽ നിന്നും ആളുകളെ പുറത്തെടുക്കാൻ സാധിച്ചത്.

മൂന്ന് വാഹനങ്ങളിലായാണ് ഇവർ യാത്ര തിരിച്ചത്. രണ്ട് ട്രാവലറും ഒരു ഇന്നോവയും. അതിലൊരു ട്രാവലറാണ് അപകടത്തിൽ പെട്ടത്.  മരിച്ചവരിൽ ഒരു വയസുള്ള കുഞ്ഞ് ഉൾപ്പെടെ 3 പേർ ഉൾപ്പെടുന്നു. വാഹനത്തിൽ 14 പേരാണ് ഉണ്ടായിരുന്നത്. ചികിത്സയിൽ കഴിയുന്ന 11 പേരിൽ 2 പേരുടെ നില അതീവ​ ഗുരുതരമാണ്. മരിച്ച കുഞ്ഞിന്റെ അമ്മയുടെ നിലയും ​​ഗുരുതരമായി തന്നെ തുടരുകയാണ്.

ഇതേ സ്ഥലത്ത് ആറാമത്തെ ടെംപോ ട്രാവലറാണ് അപകടത്തിൽ പെടുന്നതെന്ന് ദേവികുളം ബ്ലോക്ക് പഞ്ചായത്ത് അം​ഗം പ്രവീൺ ജോസ് പറഞ്ഞു. എസ് പോലെയൊരു വളവാണിത്. ഇതുവരെ 10 വാഹനങ്ങൾ അവിടെ അപകടത്തിൽപെട്ടിട്ടുണ്ട്. രക്ഷാപ്രവർത്തനത്തിൽ പങ്കാളിയായ വ്യക്തിയാണ് പ്രവീൺ. സമീപത്തുള്ള ആളുകളും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായിരുന്നു.

തൻവിക് 1 വയസ്, തേനി സ്വദേശിയായ ഗുണശേഖരൻ (70), ഈറോഡ് സ്വദേശി പി കെ സേതു എന്നിവരാണ് അപകടത്തിൽ മരിച്ചവർ. ഇന്നലെയാണ് തേനിയില്‍ നിന്നും ഇവര്‍ വിനോദസഞ്ചാരം തുടങ്ങിയത്. മാങ്കുളം ആനക്കുളത്തെത്തുകായയിരുന്നു ലക്ഷ്യം. ഡ്രൈവര്‍ക്ക് വഴി പരിചയമില്ലാത്തതാകാം അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. മറ്റെന്തെങ്കിലും കാരണമുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe