തിരുവനന്തപുരം: ഓപ്പറേഷൻ തൂഫാനിൽ ലഹരിക്കേസിൽ സ്ഥിരം കുറ്റവാളികളുടെ സ്വത്തുക്കൾ കണ്ടുകെട്ടാൻ പൊലീസിന് നിർദേശം. വിദ്യാർത്ഥികൾക്ക് ലഹരിയെത്തിക്കുന്നവരെ കരുതൽ തടങ്കലിലാക്കും. കൂടാതെ സ്കൂൾ പരിസരങ്ങളിൽ പൊലീസ് സാന്നിധ്യം ഉറപ്പാക്കും. ക്യാമ്പസുകളിലും ഹോസ്റ്റലുകളിലും പരിശോധനയ്ക്ക് മുൻകൂർ അനുമതി വേണ്ട. അയൽ സംസ്ഥാനങ്ങളിലെ മൊത്തക്കച്ചവടക്കാരെ പിടികൂടാനും തീരുമാനിച്ചിട്ടുണ്ട്.ഇതിനായി മറ്റ് ഡിജിപിമാരുമായി ആശയവിനിമയം നടത്തും. സാമൂഹ്യ മാധ്യമങ്ങളിലെ വിൽപന ഒഴിവാക്കാൻ സൈബർ പട്രോളിംങും ഉറപ്പാക്കും.
കുട്ടികളെ മയക്കുമരുന്നിന് അടിമകളാക്കുന്ന കേന്ദ്രങ്ങൾ കേരളത്തിലുണ്ടെന്നും അവരുടെ പിടിയിൽ നിന്ന് കുട്ടികളെ മോചിപ്പിക്കുക എന്നതാണ് ദൗത്യമെന്നും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല വ്യക്തമാക്കിയിരുന്നു. ശക്തമായ നടപടികളുമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം വ്യക്തമാക്കി. ലഹരി മാഫിയയ്ക്കെതിരായ സർക്കാരിന്റെ ഓപ്പറേഷൻ തൂഫാൻ പദ്ധതി ഉദ്ഘാടനത്തിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രി വി ഡി സതീശനാണ് പദ്ധതി ഉദ്ഘാടനം ചെയ്തത്.
ഓപ്പറേഷൻ തൂഫാന് എക്സൈസ് വകുപ്പിന്റെ പൂർണ്ണ പിന്തുണ ഉണ്ടാകുമെന്ന് എക്സൈസ് വകുപ്പ് മന്ത്രി എം ലിജുവും പറഞ്ഞു. സമാന്തരമായി എക്സൈസും മയക്കുമരുന്ന് വിരുദ്ധ പ്രവർത്തനം നടത്തുന്നുണ്ടെന്നും എക്സൈസിന്റെ നിലവിലുളള ദൗർബല്യങ്ങൾ പരിഹരിക്കുമെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.
