ഒരാൾ മലയാളിയെന്ന് സംശയം; കുവൈറ്റിൽ കപ്പൽ അപകടത്തിൽ കാണാതായ 2 ഇന്ത്യാക്കാരുടെ മൃതദേഹം കണ്ടെത്തി

news image
Sep 25, 2024, 2:39 pm GMT+0000 payyolionline.in

കുവൈറ്റ്: കുവൈറ്റ്-ഇറാൻ സമുദ്രാതിർത്തിയിൽ കപ്പലപകടത്തിൽ കാണാതായ രണ്ട് ഇന്ത്യക്കാരുടെ മൃതദേഹം കണ്ടെത്തി. ഒരു മലയാളി അടക്കം രണ്ട് പേരുടെ മൃതദ്ദേഹം ആണ് കിട്ടിയതെന്ന് സൂചനയുണ്ട്. ഒപ്പം രണ്ട് ഇറാൻ പൗരന്മാരുടെയ മൃതദേഹവും കിട്ടി. ഇവരുടെ വിവരം കുവൈറ്റ് ഔദ്യോഗികമായി കൈമാറിയിട്ടില്ല. കണ്ണൂർ സ്വദേശി അമൽ സുരേഷാണ് അപകടത്തിൽ കാണാതായി ഇനിയും കണ്ടെത്താനുള്ള മലയാളി. എല്ലാ ശ്രമവും തുടരുന്നുവെന്ന് അധികൃതർ അറിയിക്കുന്നു.

കണ്ണൂർ കരുവഞ്ചാൽ സ്വദേശിയാണ് കാണാതായ അമൽ.  അമലിനെക്കുറിച്ച് ഇനിയും ഔദ്യോഗിക വിവരങ്ങൾ കിട്ടാതെ കുടുംബം കടുത്ത മനോവിഷമത്തിലാണ്. ഡിഎൻഎ പരിശോധനയ്ക്ക് കുവൈറ്റിലെ ഇന്ത്യൻ എംബസി ബന്ധപ്പെട്ടതല്ലാതെ അമലിനെ തിരിച്ചറിഞ്ഞോ ഇല്ലയോ എന്നതിൽ മൂന്നാഴ്ചയായിട്ടും അറിയിപ്പൊന്നും ലഭിച്ചിട്ടില്ല. മകന്‍റെ ശരീരമെങ്കിലും നാട്ടിലെത്തിക്കാൻ സഹായം തേടുകയാണ് അച്ഛനും അമ്മയും.

ഇറാനിയൻ കപ്പലായ അറബ്ക്തറിലായിരുന്നു അമലിന് ജോലി. ഓഗസ്റ്റ് 28നാണ് അവസാനമായി വിളിച്ചത്. സെപ്തംബർ ഒന്നിന് ഇറാൻ കുവൈറ്റ് അതിർത്തിയിൽ കപ്പൽ അപകടത്തിൽപ്പെട്ടെന്നും അമലും ഒരു തൃശ്ശൂർ സ്വദേശിയുമുൾപ്പെടെ ആറ് പേരെ കാണാതായെന്നും വിവരം നേരത്തെ കിട്ടിയിരുന്നു. മൂന്ന് മൃതദേഹങ്ങൾ  കുവൈറ്റ് ഇറാൻ സംയുക്ത സേനകളുടെ തെരച്ചിലിൽ കണ്ടെത്തി. ഡിഎൻഎ പരിശോധനക്കായി കുവൈറ്റിലെ എംബസി കുടുംബത്തെ ബന്ധപ്പെട്ടു. സാമ്പിൾ ഫലം അയച്ചുകൊടുത്തു. എന്നാൽ പിന്നീട് ഒരറിയിപ്പും ലഭിച്ചില്ല.

മുഖ്യമന്ത്രിക്കും കേന്ദ്രമന്ത്രിമാർക്കും സുരേഷ് അപേക്ഷ നൽകിയിരുന്നു. എംബസിയിൽ നിന്നും അമലിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭിച്ചില്ല. രേഖകളെല്ലാം അയച്ചെന്നല്ലാതെ നോർക്കയിൽ നിന്നും മറുപടിയില്ലെന്ന് അമലിൻ്റെ കുടുംബം പറയുന്നു. കപ്പൽ കമ്പനിയുമായി ബന്ധപ്പെട്ട സാങ്കേതിക പ്രശ്നങ്ങളും തടസ്സമാകുന്നുവെന്നാണ് മറ്റ് വഴികളിലൂടെ ബന്ധുക്കളറിഞ്ഞത്. അപകടത്തിൽപ്പെട്ട തൃശ്ശൂർ സ്വദേശിയുടെ കാര്യത്തിലുമുണ്ട് അവ്യക്തത.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe