ഒടുവിൽ സമവായം; പി.എസ്.സി., ദേവസ്വം ബോർഡ് നിയമനങ്ങളിൽ മന്ത്രിമാർ ഒപ്പിട്ടു

news image
Nov 18, 2026, 1:35 pm GMT+0000 payyolionline.in

തിരുവനന്തപുരം : സംസ്ഥാന മന്ത്രിസഭാ യോഗത്തിലുണ്ടായ അതൃപ്തിക്കും എതിർപ്പുകൾക്കും ഒടുവിൽ സമവായമായി. പി.എസ്.സി. അംഗങ്ങളുടെയും ദേവസ്വം ബോർഡ് അംഗങ്ങളുടെയും നിയമന ഉത്തരവുകളിൽ ചർച്ചകൾക്കൊടുവിൽ മന്ത്രിമാർ ഒപ്പിട്ടു. തർക്കത്തിന് കാരണമായ വ്യക്തികളുടെ പേരുകൾ ഒഴിവാക്കിയാണ് പുതിയ പട്ടിക തയ്യാറാക്കിയത്. പി.എസ്.സി. പട്ടികയിൽ നാല് കോൺഗ്രസ് അംഗങ്ങളും ഒരു മുസ്ലിം ലീഗ് അംഗവുമാണ് ഇടംപിടിച്ചിരിക്കുന്നത്.

​ജി. ഗോപകുമാർ, രമേശ് എം. തമ്പി, പ്രൊഫ. റോസമ്മ ഫിലിപ്പ്, ആർ. സനൽ കുമാർ എന്നിവരാണ് കോൺഗ്രസ് പ്രതിനിധികളായി പട്ടികയിലുള്ളത്. ഷാഫി ചാലിയമാണ് ലീഗ് അംഗം. കെ.സി. വേണുഗോപാൽ പക്ഷത്തുനിന്നും ആർ. സനൽ കുമാറിനെയാണ് അവസാന നിമിഷം പട്ടികയിൽ ഉൾപ്പെടുത്തി സമവായത്തിലെത്തിയത്. സുധ മേനോന്റെ പേരും ഈ വിഭാഗം മുന്നോട്ടുവെച്ചിരുന്നെങ്കിലും, അവർക്ക് നിലവിൽ മറ്റൊരു പദവി നൽകാനാണ് ധാരണയായിരിക്കുന്നത്.

​ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിൽ പി.എസ്.സി. അംഗങ്ങളുടെ പട്ടിക മുഖ്യമന്ത്രി മുന്നോട്ടുവെച്ചതോടെയാണ് തർക്കങ്ങൾക്ക് തുടക്കമായത്. ചർച്ച ചെയ്യാതെയാണ് പട്ടിക തീരുമാനിച്ചതെന്ന് ആരോപിച്ച് എ.പി. അനിൽകുമാർ എതിർപ്പുമായി രംഗത്തെത്തി. ഉടൻ നിയമനം ആവശ്യമായതിനാലാണ് തീരുമാനമെടുത്തതെന്ന് മുഖ്യമന്ത്രി മറുപടി നൽകിയെങ്കിലും, ഗുരുവായൂർ ദേവസ്വം നിയമനത്തിലും കൂടിയാലോചനകൾ നടന്നില്ലെന്ന് അനിൽകുമാർ ചൂണ്ടിക്കാട്ടി.

​മുഖ്യമന്ത്രി ഏകപക്ഷീയമായി തീരുമാനങ്ങളെടുക്കുന്നുവെന്ന വിമർശനവുമായി മറ്റ് മന്ത്രിമാരും രംഗത്തെത്തിയതോടെ യോഗത്തിൽ ഭിന്നത രൂക്ഷമായി. തുടർന്ന് മുഖ്യമന്ത്രി അവതരിപ്പിച്ച ആദ്യ പട്ടിക അംഗീകരിക്കാതെ വിശദമായ ചർച്ച വേണമെന്ന് മന്ത്രിമാർ ആവശ്യപ്പെടുകയായിരുന്നു. ഏറ്റവുമൊടുവിൽ ഗ്രൂപ്പ് സമവായങ്ങളടക്കം പരിഗണിച്ച് പട്ടികയിൽ മാറ്റം വരുത്തിയ ശേഷമാണ് മന്ത്രിമാർ ഒപ്പിടാൻ തയ്യാറായത്

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe