ചെന്നൈ: ഐപിഎല്ലിലെ ത്രില്ലർ പോരാട്ടത്തിൽ മുംബൈയെ കീഴടക്കി ചെന്നൈ സൂപ്പർ കിങ്സ്. നാല് വിക്കറ്റിനാണ് ചെന്നൈയുടെ ജയം. മുംബൈ ഉയർത്തിയ 156 റൺസ് വിജയലക്ഷ്യം ആറ് വിക്കറ്റ് നഷ്ടത്തിൽ ചെന്നൈ മറികടന്നു.
അർധസെഞ്ചുറിയുമായി രചിൻ രവീന്ദ്രയാണ് ചെന്നൈ നിരയിൽ തിളങ്ങിയത്. മുംബൈക്കായി മലയാളി താരം വിഘ്നേഷ് പുത്തൂർമൂന്നുവിക്കറ്റെടുത്തു.
മുംബൈ ഉയർത്തിയ 156 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ചെന്നൈക്ക് 11-റൺസെടുക്കുന്നതിനിടെ ആദ്യ വിക്കറ്റ് നഷ്ടമായി. രാഹുൽ തൃപതി(2)വേഗം മടങ്ങിയെങ്കിലും രണ്ടാം വിക്കറ്റിൽ ഒന്നിച്ച രചിൻ രവീന്ദ്രയും ഋതുരാജ് ഗെയ്ക്വാദും സ്കോർ ഉയർത്തി.
26 പന്തിൽ നിന്ന് 53 റൺസെടുത്ത ഗെയക്വാദിനെ പുറത്താക്കി മലയാളി താരം വിഘ്നേഷ് പുത്തൂർ മുംബൈയെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നു. പിന്നാലെ രണ്ടുവിക്കറ്റുകൾ കൂടി പിഴുത് വിഘ്നേഷ് ചെന്നൈയെ പ്രതിരോധത്തിലാക്കി. മുംബൈക്ക് നേരിയ വിജയപ്രതീക്ഷ കൈവന്നു. ചെന്നൈ 107-4 എന്ന നിലയിലേക്ക് വീണു. പിന്നാലെ സാം കറനെ(4) വിൽ ജാക്സ് പുറത്താക്കി. എന്നാൽ ക്രീസിൽ നിലയുറപ്പിച്ച് ബാറ്റേന്തിയ രചിൻ രവീന്ദ്ര അർധസെഞ്ചുറിയുമായി ടീമിനെ വിജയത്തിലെത്തിച്ചു. നാല് വിക്കറ്റ് ജയവുമായി ചെന്നൈ മടങ്ങി
നേരത്തേ ആദ്യം ബാറ്റ് ചെയ്ത മുംബൈ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 155 റൺസാണെടുത്തത്. തുടക്കം പതറിയ മുംബൈക്ക് 36 റൺസിനിടെ മൂന്ന് വിക്കറ്റ് നഷ്ടമായിരുന്നു. രോഹിത് ശർമ(0), റിക്കൽട്ടൺ(13), വിൽ ജാക്ക്സ്(11) എന്നിവർ വേഗം മടങ്ങി. സൂര്യ കുമാർ യാദവ്(29), തിലക് വർമ(31), ദീപക് ചാഹർ(28*) എന്നിവരുടെ ഇന്നിങ്സുകളാണ് മുംബൈയെ ഭേദപ്പെട്ട നിലയിലെത്തിച്ചത്. ഒടുവിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 155 റൺസിന് മുംബൈയുടെ ഇന്നിങ്സ് അവസാനിച്ചു. ചെന്നൈക്കായി നൂർ അഹമ്മദ് നാല് വിക്കറ്റും ഖലീൽ അഹമ്മദ് മൂന്ന് വിക്കറ്റുമെടുത്തു
.