ഐഎന്‍എസ് വിക്രാന്തിലെ മോഷണം; രണ്ട് പ്രതികൾക്കും തടവുശിക്ഷ

news image
Nov 4, 2022, 2:29 pm GMT+0000 payyolionline.in

കൊച്ചി: വിമാനവാഹനിക്കപ്പൽ ഐഎന്‍എസ് വിക്രാന്തിൽ നിന്ന് കംപ്യൂട്ടര്‍ ഹാര്‍ഡ് ഡിസ്കും  ഹാര്‍ഡ് വെയറുകളും കവർച്ച നടത്തിയ കേസിലെ പ്രതികൾക്ക് ശിക്ഷ വിധിച്ച് കോടതി. കൊച്ചി എൻഐഎ കോടതിയാണ് രണ്ട് പ്രതികളേയും ശിക്ഷിച്ചത്. ഒന്നാം പ്രതി ബീഹാര്‍ സ്വദേശി സുമിത് കുമാർ സിംഗിന് അഞ്ചു വര്‍ഷം തടവ് ശിക്ഷയും രണ്ടാം പ്രതി രാജസ്ഥാൻ സ്വദേശി ദയാ റാമിന് മൂന്ന് വര്‍ഷവും തടവ് ശിക്ഷക്കും വിധിച്ചു.

വിചാരണ തുടങ്ങും മുമ്പ് തന്നെ രണ്ട് പ്രതികളും കോടതിയില്‍ കുറ്റം സമ്മതിച്ചിരുന്നു.  കപ്പൽശാലയിലെ സ്വകാര്യ കരാർ ഏജൻസിയിലെ തൊഴിലാളികൾ ആയിരുന്നു ഇരുവരും. കേരളമടക്കം വിവിധ സംസ്ഥാനങ്ങളിൽ ആക്രിക്കടകളിലാണ് മോഷ്ടിച്ച വസ്തുക്കൾ ഇവർ വിറ്റത്.

മോഷണം, സൈബർ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിരുന്നത്. 10 റാം, അഞ്ച് മൈക്രോ പ്രോസസേഴ്‌സ്, 5 സോളിഡ് സ്‌റ്റേറ്റ് ഡ്രൈവസ് എന്നിവയാണ് ഐഎന്‍എസ് വിക്രാന്തില്‍ നിന്ന് മോഷണം പോയത്. കേസ് ആദ്യം കേരളാപൊലീസ് അന്വേഷിച്ചെങ്കിലും തുമ്പുണ്ടായില്ല.

പിന്നീട് എന്‍ഐഎ ഏറ്റെടുക്കുകയായിരുന്നു. പ്രതികളെന്ന് സംശയിക്കുന്നവരുടെ കൈപ്പത്തിയുടെ അടയാളം മാത്രമായിരുന്നു കേസിലെ ഏക തെളിവ്. യാഥാർത്ഥ പ്രതികളിലേക്ക് എത്താൻ ഐഎന്‍എസ് വിക്രാന്തിന്റെ ജോലി ചെയ്ത ആറായിരം കരാർ തൊഴിലാളികളുടെ വിരലടയാളം ശേഖരിച്ച് നടത്തിയ ചരിത്രപരമായ അന്വേഷണത്തിനൊടുവിലാണ് പ്രതികളെ പിടികൂടിയത്. 2020 ജൂൺ പത്തിനാണ് കേസിൽ പ്രതികളെ പിടികൂടിയത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe