എസ്എഫ്ഐ വാദങ്ങൾ പൊളിച്ച് വിസി: കോളജിന് ഗുരുതര വീഴ്ച; പ്രിൻസിപ്പൽ സർവകലാശാലയിലെത്തി മറുപടി നൽകണം

news image
Jun 19, 2023, 10:19 am GMT+0000 payyolionline.in

 

തിരുവനന്തപുരം∙ സംസ്ഥാനത്തു പഠിച്ചുകൊണ്ടിരിക്കെ കലിംഗ സർവകലാശാലയുടെ സർട്ടിഫിക്കറ്റ് ഹാജരാക്കിയെന്ന ആരോപണം നേരിടുന്ന എസ്എഫ്ഐ നേതാവ് നിഖിൽ തോമസിന്റെ കാര്യത്തിൽ കായംകുളം എംഎസ്എം കോളജിന് ഗുരുതര വീഴ്ച പറ്റിയെന്ന് കേരള സർവകലാശാല വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മൽ.

‘‘നിഖിലിന്റെ എംകോം പ്രവേശന വിഷയത്തിലാണ് കോളജിന് വീഴ്ച സംഭവിച്ചത്. കോളജിന് കാരണം കാണിക്കൽ നോട്ടിസ് നൽകും. കായംകുളം എംഎസ്എം കോളജ് പ്രിൻസിപ്പൽ സർവകലാശാലയിൽ എത്തി മറുപടി നൽകണം. നിഖിൽ തോറ്റത് അധ്യാപകർക്ക് അറിയാമായിരുന്നു. പിന്നെ എങ്ങനെ പ്രവേശനം നൽകി. നിഖിലിന്റെ ബിരുദ സർട്ടിഫിക്കറ്റ് വ്യാജമാണോയെന്ന് പരിശോധിക്കും. നിഖിൽ മൂന്നു വർഷവും കേരള സർവകലാശാലയിൽ പഠിച്ചു. പക്ഷേ, പാസായില്ല. ഹാജർ ഉള്ളതിനാലാണ് പരീക്ഷകൾ എഴുതിയത്. കേരളയിൽ 75% ഹാജരുള്ളയാൾ എങ്ങനെ കലിംഗയിൽ പോയി. റായ്പുരിൽനിന്ന് കായംകുളത്തേക്ക് വിമാന സർവീസ് ഇല്ലല്ലോ. വ്യാജ സർട്ടിഫിക്കറ്റ് ആണെങ്കിൽ പൊലീസിൽ പരാതി നൽകും. കലിംഗ അറിയാതെ നൽകിയതാണെങ്കിൽ യുജിസിയെ അറിയിക്കും.’’– വൈസ് ചാൻസലർ പറഞ്ഞു.

അതിനിടെ, ബികോം പഠനം അവസാനിപ്പിച്ചശേഷം കോളജ്, സര്‍വകലാശാല യൂണിയനുകളില്‍ പ്രവര്‍ത്തിച്ചോ, എം.കോം പ്രവേശനത്തിന് നല്‍കിയ സര്‍ട്ടിഫിക്കറ്റ് സാധുതയുള്ളതാണോ എന്നിവയുൾപ്പെടെയുള്ള കാര്യങ്ങൾ പരിശോധിക്കുമെന്ന് റജിസ്ട്രാര്‍ ഡോ.കെ.എസ്.അനില്‍കുമാര്‍ പറഞ്ഞു. ‌വിവാദം സംബന്ധിച്ച് സര്‍വകലാശാലക്ക് ഇതുവരെ പരാതിയൊന്നും ലഭിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സര്‍വകലാശാല ചട്ടമനുസരിച്ച് ഒരേസമയം രണ്ടു സര്‍വകലാശാലകളില്‍ ഡിഗ്രി പഠനം സാധ്യമല്ല. പഠനം അവസാനിപ്പിച്ച വിദ്യാര്‍ഥിക്ക് സര്‍വകലാശാല യൂണിയന്‍ തിരഞ്ഞെടുപ്പുകളില്‍ മത്സരിക്കാനുമാവില്ല. രാഷ്ട്രീയ ഇടപെടലിനെ തുടര്‍ന്ന് സര്‍വകലാശാല നിയമവിരുദ്ധപ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി നല്‍കിയോ എന്നതാണ് ഉത്തരം ലഭിക്കേണ്ട യഥാര്‍ഥ ചോദ്യം.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe