എറണാകുളം: സിറോ മലബാർ സഭ എറണാകുളം – അങ്കമാലി അതിരൂപതയിലെ വൈദിക പഠനകേന്ദ്രങ്ങളിൽ ഏകീകൃത കുർബാന അർപ്പിക്കണമെന്ന നിലപാട് കടുപ്പിച്ച് അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ മാർ ആൻഡ്രൂസ് താഴത്ത്. സെമിനാരികളിൽ ഏകീകൃത കുർബാന മാത്രമേ അനുവദിക്കാനാകൂ. തൃക്കാക്കര സേക്രട്ട് ഹാർട്ട് മൈനർ സെമിനാരിയിലും ഗുരുകുലത്തിലും ഏകീകൃത കുർബാന അർപ്പിക്കണമെന്ന് മാർ ആൻഡ്രൂസ് താഴത്ത് കർശന നിർദേശം നൽകി.
അനുസരിക്കാൻ തയാറാകാത്ത വൈദികരുടെ വിശദാംശങ്ങൾ 10 ദിവസത്തിനുള്ളിൽ അറിയിക്കാനാണ് സെമിനാരി റെക്ടർക്ക് നിർദേശം നൽകിയിരിക്കുന്നത്. സിനഡ് തീരുമാനം അംഗീകരിക്കാത്തവരെ തൽസ്ഥാനത്തു നിന്ന് നീക്കുമെന്ന മുന്നറിയിപ്പുമുണ്ട്. ഇതിനിടെ എറണാകുളം സെന്റ് മേരീസ് കത്തീഡ്രൽ ബസിലിക്ക തുറക്കണമെന്നാവശ്യപ്പെട്ട് ബസിലിക്ക വികാരിക്ക് അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ നൽകിയ ഉത്തരവ് ഒരു വിഭാഗം വിശ്വാസികൾ പരസ്യമായി കത്തിച്ചു.