തൃശൂര്‍: റെയില്‍വേ സ്റ്റേഷനില്‍ പുഴുവരിച്ച 1500 കിലോ മത്സ്യം പിടികൂടി. ഒഡീഷയില്‍ നിന്ന് തൃശൂര്‍ ശക്തന്മാര്ക്കറ്റിലേക്ക് ട്രയിനിലെത്തിച്ചതായിരുന്നു മത്സ്യം. പരിശോധിക്കാന്‍ റെയില്‍വേ തടസം നിന്നതിനാല്‍ 15 മണിക്കൂറാണ് തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ചീഞ്ഞളിഞ്ഞ മത്സ്യം കിടന്നത്.
ഇന്നലെ രാത്രിതുടങ്ങിയ നാടകീയ സംഭവങ്ങള്‍ക്കൊടുവിലാണ് സംസ്ഥാന ഭക്ഷ്യ സുരക്ഷാ വിഭാഗം 19 ബോക്സുകളിലായി പുഴുവരിച്ച മത്സ്യം പിടികൂടിയത്. വൈകിട്ട് നാലുമണിയ്ക്ക് ഷാലിമാർ എക്സ്പ്രസില്‍ 73 ബോക്സുകളിലായാണ് തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ മീനെത്തിച്ചത്. പാലക്കാട്ടേക്കുള്ളത് തെറ്റിയിറക്കിയത് തിരിച്ചയച്ചു. ഉണക്കമീനും മീന്‍കുഞ്ഞുങ്ങളെയും ഉടമസ്ഥരെത്തി വാങ്ങിക്കൊണ്ടുപോയി.
അവശേഷിച്ചത് 36 ബോക്സുകള്‍. 15 എണ്ണം പച്ചമീനും 21 എണ്ണം ഉണക്കമീനും. തെര്‍മോകോള്‍ ബോക്സുകള്‍ പൊട്ടിയൊലിക്കുന്നുണ്ടായിരുന്നു. പുഴുവരിച്ച് രൂക്ഷമായ ഗന്ധം വമിക്കുകയും ചെയ്തു. പരിശോധനയ്ക്കായി ഭക്ഷ്യ സുരക്ഷാ വിഭാഗമെത്തിയെങ്കിലും റെയില്‍വേ ജീവനക്കാര്‍ തടഞ്ഞു. സാധനങ്ങള്‍ ഉടമ ഏറ്റുവാങ്ങി പുറത്തിറങ്ങിയശേഷം മതി പരിശോധന എന്നായി റെയിൽവെ നിലപാട്.
രാവിലെ 9 മണിയോടെ റെയില്‍വേയുടെ ആരോഗ്യ വിഭാഗം ജീവനക്കാരെത്തി മീന്‍ ബുക്ക് ചെയ്തവരെ വിളിച്ചുവരുത്തി. പിന്നാലെ ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥരുമെത്തി. പരിശോധനയില്‍ പതിമൂന്ന് ബോക്സുകളിലെ ഉണക്കമീന്‍ പുഴുവരിച്ചതെന്ന് കണ്ടെത്തി. ആറു ബോക്സുകളിലെ പച്ചമീന്‍ കേടായ നിലയിലുമായിരുന്നു. വ്യാപാരികള്‍ക്കെതിരെ കേസെടുത്തശേഷം കേടായ മീന്‍ നശിപ്പിക്കാനായി കോര്പ്പറേഷന് കൈമാറി. കഴിഞ്ഞ ദിവസം തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് സുനാമി ഇറച്ചി പിടികൂടിയിരുന്നു. പിന്നാലെയാണ് പുഴുവരിച്ച മത്സ്യം പിടികൂടിയത്.