എം.വി ഗോവിന്ദന്റെ ഭാര്യ പി.പി ദിവ്യയെ സ്വീകരിക്കാന്‍ പോയത് സി.പി.എമ്മിന്റെ കാപട്യം- വി.ഡി സതീശൻ

news image
Nov 9, 2024, 9:09 am GMT+0000 payyolionline.in

കൊച്ചി: പാര്‍ട്ടി നവീന്‍ ബാബുവിന്റെ കുടുംബത്തിനൊപ്പമെന്ന് പറഞ്ഞ എം.വി ഗോവിന്ദന്റെ ഭാര്യ പി.പി ദിവ്യയെ സ്വീകരിക്കാന്‍ പോയത് സി.പി.എമ്മിന്റെ കാപട്യമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. പ്രശാന്തന്‍ ആരുടെ ബിനാമിയെന്ന് അന്വേഷിച്ചാല്‍ നിരവധി രഹസ്യങ്ങള്‍ പുറത്തുവരും.

കൊല്ലപ്പെട്ട എ.ഡി.എമ്മിന്റെ വീട്ടില്‍ പോയി നവീന്‍ ബാബുവിന്റെ കുടുംബത്തിനൊപ്പമാണ് സി.പി.എം എന്ന് പറഞ്ഞ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ ഭാര്യയാണ് പി.പി ദിവ്യയെ സ്വീകരിക്കാന്‍ ജയിലില്‍ പോയത്. സി.പി.എമ്മെന്ന പാര്‍ട്ടി തന്നെ തട്ടിപ്പാണ്. പാര്‍ട്ടി നേതാവായ ഭര്‍ത്താവ് പറയുന്നത് ഇരയുടെ കുടുംബത്തിനൊപ്പമെന്ന്; വേട്ടക്കാരിയെ ജയിലില്‍ നിന്നും സ്വീകരിക്കുന്നത് പാര്‍ട്ടി നേതാവായ ഭാര്യ; ഇതാണ് കേരളത്തിലെ സി.പി.എമ്മിന്റെ മുഖം. എന്തൊരു കാപട്യമാണ് സി.പി.എം എന്ന പാര്‍ട്ടി?

പ്രശാന്തന്‍ ആരുടെ ബിനാമിയാണ്? എന്തിനാണ് എം.വി ഗോവിന്ദന്റെ സഹധര്‍മ്മിണി വളരെ വിഷമത്തോടെ ദിവ്യയെ സ്വീകരിക്കാന്‍ ജയിലില്‍ പോയത്? കൈക്കൂലി നല്‍കിയെന്ന് പറഞ്ഞിട്ടും വ്യാജരേഖ ചമച്ചെന്നു ബോധ്യമായിട്ടും എന്തുകൊണ്ടാണ് പ്രശാന്തനെതിരെ കേസെടുക്കാത്തത്? ഒരുപാട് ദുരൂഹതകള്‍ ഉണ്ടാക്കുന്ന പങ്കാണ് പി.പി ദിവ്യയുമായി ബന്ധപ്പെട്ട പ്രശ്‌നത്തില്‍ സി.പി.എമ്മിനുള്ളത്. സി.പി.എം ഇരകള്‍ക്കൊപ്പമല്ല വേട്ടക്കാര്‍ക്കൊപ്പമാെമാണെന്ന് വ്യക്തമായിട്ടുണ്ട്.

പാര്‍ട്ടി സെക്രട്ടറിയുടെ ഭാര്യ ഉള്‍പ്പെടെയുള്ളവര്‍ ജയിലില്‍ സ്വീകരിക്കാന്‍ പോയിട്ടാണ് പി.പി ദിവ്യയ്‌ക്കെതിരെ പാര്‍ട്ടി നടപടി എടുത്തെന്ന് പറയുന്നത്. പാര്‍ട്ടി അച്ചടക്ക നടപടി എടുത്ത് തരംതാഴ്ത്തിയ ഒരാളെ സ്വീകരിക്കാന്‍ സി.പി.എം ഉന്നത നേതാക്കള്‍ പോയത് എന്തിനാണ്? പി.പി ദിവ്യയെ സി.പി.എം ഭയപ്പെടുന്നുണ്ടോ? ആരുടേതാണ് പെട്രോള്‍ പമ്പ്? ആരുടെ ബിനാമിയാണ് പ്രശാന്തന്‍ എന്ന് അന്വേഷിച്ചാല്‍ ഒരുപാട് രഹസ്യങ്ങള്‍ പുറത്തുവരുമെന്നും വി.ഡി. സതീശൻ പറഞ്ഞു.

കലക്ടറുടെ മൊഴിയാണ് ജാമ്യം നല്‍കാനുള്ള പ്രധാന കാരണം. മുഖ്യമന്ത്രിയെ കലക്ടര്‍ കണ്ടതിനു ശേഷമാണ് കള്ളമൊഴി പറഞ്ഞത്. നവീന്‍ ബാബു അഴിമതിക്കാരനാണോയെന്ന് സംശയം ഉണ്ടാക്കുന്നതാണ് കലക്ടറുടെ മൊഴി. ആദ്യം വ്യാജരേഖ ചമച്ചത് എ.കെ.ജി സെന്ററിലാണ്. എന്നിട്ടും വ്യാജ പരാതി കൊടുത്ത പ്രശാന്തനെതിരെ അന്വേഷണമോ കേസോ ഇല്ല.

പ്രശാന്തന്‍ പ്രധാനപ്പെട്ട ചിലരുടെ ബിനാമിയാണ്. അതുകൊണ്ട് തൊടാന്‍ പറ്റില്ല. ദിവ്യ ഒന്നും പുറത്തു പറയാതിരിക്കുന്നതിനു വേണ്ടിയാണ് പാര്‍ട്ടി സെക്രട്ടറിയുടെ സഹധര്‍മ്മിണി നേരിട്ടെത്തി സ്വീകരിച്ചത്. പെട്രോള്‍ പമ്പ് പ്രശാന്തന്റെ അല്ലെന്ന് എല്ലാവര്‍ക്കും അറിയാം. അയാളുടെ പുറകില്‍ ഉന്നതരായ സി.പി.എം നേതാക്കളുണ്ടെന്നും വി.ഡി സതീശൻ പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe