എംടിയുടെ നവതി കേരളത്തിന്‌ അഭിമാന മുഹൂർത്തം: മുഖ്യമന്ത്രി

news image
Jul 15, 2023, 3:22 am GMT+0000 payyolionline.in

തിരുവനന്തപുരം > എം ടി വാസുദേവൻ നായരുടെ നവതി കേരളത്തിന്റെയാകെ അഭിമാന മുഹൂർത്തമാണെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ.  നമ്മുടെ സാംസ്‌കാരികതയുടെ ഈടുവെയ്പ്പിന് ഇത്രയധികം സംഭാവന നൽകിയിട്ടുള്ള അധികം പേരില്ല. മലയാളത്തെ ലോകസാഹിത്യത്തിൽ അടയാളപ്പെടുത്തുന്നതിൽ അതുല്യമായ പങ്കാണ് എംടിക്കുള്ളത്. സാഹിത്യകാരൻ, പത്രാധിപർ,  ചലച്ചിത്രകാരൻ എന്ന നിലയിലെല്ലാം അദ്ദേഹം അനുപമായ സംഭാവനകൾ നൽകിയെന്നും ആശംസാ സന്ദേശത്തിൽ മുഖ്യമന്ത്രി പറഞ്ഞു.

സാഹിത്യരചനയോടൊപ്പം കേരളത്തിന്റെ സാംസ്കാരിക മേഖലയെ ഉജ്ജീവിപ്പിക്കാൻ എം ടി പരിശ്രമിച്ചു. അതിന്റെ ഭാഗമായാണ് തുഞ്ചൻ സ്മാരക ട്രസ്റ്റിന്റെ അധ്യക്ഷ സ്ഥാനമേറ്റെടുത്തതും നിരവധി സാംസ്കാരിക പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയതും. എംടിയുടെ നേതൃത്വത്തിൽ ദേശീയ സാഹിത്യോത്സവങ്ങളിലൂടെ തിരൂർ തുഞ്ചൻ പറമ്പ് ഇന്ത്യൻ സാഹിത്യഭൂപടത്തിൽത്തന്നെ ശ്രദ്ധാകേന്ദ്രമായി.

അദ്ദേഹത്തിന്റെ സാഹിത്യവും സാംസ്കാരിക പ്രവർത്തനങ്ങളും എക്കാലവും ജനാധിപത്യ, മതേതര, പുരോഗമന നിലപാടുകളിൽ അടിയുറച്ചു നിന്നു. യാഥാസ്ഥിക മൂല്യങ്ങളേയും വർഗീയതയേയും എം ടി തന്റെ ജീവിതത്തിലുടനീളം കർക്കശബുദ്ധിയോടെ എതിർത്തു. സങ്കുചിതമായ പല ഇടപെടലുകളേയും മറികടന്നു തുഞ്ചൻ പറമ്പിന്റെ മതനിരപേക്ഷ സ്വഭാവം നിലനിർത്താൻ സാധിച്ചത് ഈ നിലപാടിന്റെ ബലം നമ്മെ ബോധ്യപ്പെടുത്തി.

എംടി കാലത്തെ സൂക്ഷ്മമായി നോക്കിക്കാണുകയും സാഹിത്യസൃഷ്ടികളിൽ വൈകാരിക തീക്ഷ്ണതയോടെ, അനുഭൂതിജനകമാം വിധം ആ കാഴ്ച പകർന്നു വെയ്ക്കുകയും ചെയ്തു. ജനമനസുകളെ യോജിപ്പിക്കാൻ തക്ക കരുത്തുള്ള ഉപാധിയാണ് സാഹിത്യം. ആ സാഹിത്യത്തെ ജനമനസുകളെ വിഷലിപ്തമാക്കുന്ന വിദ്വേഷ രാഷ്ട്രീയത്തിന്റെ പുതിയ കാലത്ത് എംടിയുടെ കൃതികൾ ആവർത്തിച്ചു വായിക്കപ്പെടേണ്ടതുണ്ട്. ആ നിലയ്ക്ക് ഒരു സാംസ്‌കാരിക മാതൃകയാണ് സ്വന്തം ജീവിതംകൊണ്ട് എംടി നമുക്ക്‌ മുമ്പിൽ വെച്ചിട്ടുള്ളത്. അതിൽനിന്നു പ്രചോദനമുൾക്കൊണ്ട് മുമ്പോട്ടുപോകാൻ നമുക്കാവണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe