സംസ്ഥാനത്ത് കൊടുംചൂടും ഉഷ്ണതരംഗ ഭീഷണിയും തുടരുന്ന സാഹചര്യത്തിൽ പ്രതിരോധ നടപടികൾ ഊർജിതമാക്കാൻ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഇന്ന് ഉന്നതതല യോഗം ചേരും. രാവിലെ 11-ന് ഓൺലൈനായി ചേരുന്ന യോഗത്തിൽ മന്ത്രിമാരും വിവിധ വകുപ്പ് മേധാവികളും പങ്കെടുക്കും. പാലക്കാട്, തൃശൂർ ജില്ലകളിൽ ഉഷ്ണതരംഗ മുന്നറിയിപ്പ് നിലനിൽക്കുന്നതും സൂര്യാതപം റിപ്പോർട്ട് ചെയ്തതും യോഗം ഗൗരവമായി ചർച്ച ചെയ്യും.
പലയിടങ്ങളിലും താപനില 40 ഡിഗ്രി സെൽഷ്യസിന് മുകളിൽ തുടരുന്നത് പരിഗണിച്ച് കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയേക്കും. പൊതുപരിപാടികൾക്കും നിർമ്മാണ ജോലികൾക്കും നിലവിലുള്ള നിയന്ത്രണങ്ങൾ കർശനമാക്കാനാണ് സാധ്യത. ചൂട് ഏപ്രിൽ 27 വരെ ഇതേ നിലയിൽ തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെങ്കിലും ഉഷ്ണതരംഗ സാഹചര്യം മാറാത്തതിനാൽ അതീവ ജാഗ്രത പാലിക്കണമെന്ന് സർക്കാർ നിർദ്ദേശിച്ചു.
