ഉറങ്ങിക്കിടന്ന 10 വയസുകാരിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച കേസ്: പ്രതിയെന്ന് സംശയിക്കുന്ന യുവാവ് കസ്റ്റഡിയിൽ

news image
May 17, 2024, 4:50 am GMT+0000 payyolionline.in

കാസര്‍കോട്: വീട്ടില്‍ ഉറങ്ങിക്കിടന്ന പത്ത് വയസുകാരിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച കേസിൽ ഒരാൾ പൊലീസ് കസ്റ്റഡിലുള്ളതായി സൂചന. നേരത്തെ പീഡന കേസിലടക്കം പ്രതിയായ യുവാവാണ് കസ്റ്റഡിയിലുളളത്. ബന്ധുവിന്റെ വീട്ടിൽ നിന്നാണ് പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്. 

കാഞ്ഞങ്ങാട് ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ 25 അംഗ സംഘമാണ് കേസ് അന്വേഷിക്കുന്നത്. പെൺകുട്ടിയുടെ കമ്മൽ കവര്‍ന്ന് രക്ഷപ്പെട്ട പ്രതിക്കായി സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചായിരുന്നു പരിശോധന. മലയാളം സംസാരിക്കുന്ന മെലിഞ്ഞ ശരീര പ്രകൃതിയുള്ള ആളാണ് തട്ടിക്കൊണ്ട് പോയതെന്ന് പെൺകുട്ടി മൊഴി നൽകിയിരുന്നു.  ഇതടക്കം പരിഗണിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.

കഴിഞ്ഞ ദിവസം പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് സംഭവമുണ്ടായത്. വീട്ടില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന പത്ത് വയസുകാരിയെ കട്ടിലില്‍ നിന്ന് എടുത്തുകൊണ്ട് പോവുകയായിരുന്നു. കുട്ടിയുടെ മുത്തച്ഛൻ പശുവിനെ കറക്കാന്‍ വീടിന്‍റെ മുന്‍ വാതില്‍ തുറന്ന് തൊഴുത്തില്‍ പോയ സമയത്താണ് അക്രമി വീടിനുളളിൽ കയറിയത്. ഉറങ്ങി കിടന്ന പെണ്‍കുട്ടിയെ തട്ടിയെടുത്ത് അടുക്കള വശത്തുള്ള വാതിലിലൂടെ പുറത്തിറങ്ങിയ പ്രതി 500 മീറ്റര്‍ അകലെയുള്ള സ്ഥലത്തെത്തിച്ച് പീഡിപ്പിച്ചു. സ്വര്‍ണ്ണ കമ്മലുകള്‍ കവര്‍ന്നു. അതിന് ശേഷം കുട്ടിയെ ഉപേക്ഷിച്ച് ഇയാള്‍ രക്ഷപ്പെടുകയുമായിരുന്നു.

പുലര്‍ച്ചെ നടന്ന സംഭവം വീട്ടിലുണ്ടായിരുന്ന കുട്ടിയുടെ മാതാപിതാക്കള്‍ അടക്കമുള്ളവര്‍ അറി‌ഞ്ഞില്ല. തൊഴുത്തില്‍ നിന്ന് മുറിയില്‍ തിരിച്ചെത്തിയ മുത്തച്ഛനാണ് കുട്ടിയെ കാണാതായത് അറിയുന്നത്. പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോയി സ്വര്‍ണ്ണാഭരണം കവര്‍ന്നുവെന്നായിരുന്നു ആദ്യം കരുതിയിരുന്നത്. എന്നാല്‍ മെഡിക്കല്‍ റിപ്പോര്‍ട്ട് വന്നതോടെയാണ് കുട്ടി ലൈംഗികാതിക്രമത്തിന് ഇരയായതായി മനസിലായത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe