‘ഈ വിയോഗം പിണറായി വിജയന്‍ എങ്ങനെ സഹിക്കും’; കോടിയേരിയെ അനുസ്‍മരിച്ച് ഷാജി കൈലാസ്

news image
Oct 3, 2022, 11:00 am GMT+0000 payyolionline.in

അന്തരിച്ച മുതിര്‍ന്ന സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണനെ അനുസ്മരിച്ച് സംവിധായകന്‍ ഷാജി കൈലാസ്. കലാകാരന്മാരെ എന്നും അഗീകരിച്ചിരുന്ന അദ്ദേഹം തന്നോട് വ്യക്തിപരമായ ഒരു അടുപ്പക്കൂടുതല്‍ കാണിച്ചിരുന്നുവെന്ന് പലപ്പോഴും തോന്നിയിട്ടുണ്ടെന്നും ഷാജി കൈലാസ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

ഷാജി കൈലാസിന്‍റെ കുറിപ്പ്

ഓരോ തവണ കാണുമ്പോഴും ഇരട്ടിക്കുന്ന സ്നേഹത്തിന്റെ പേരായിരുന്നു കോടിയേരി ബാലകൃഷ്‌ണൻ. എങ്ങനെയാണ് അദ്ദേഹത്തിന് ഇത്ര ഹൃദ്യമായി ചിരിക്കാൻ കഴിയുന്നതെന്ന് അത്ഭുതത്തോടെ ചിന്തിച്ചിട്ടുണ്ട്. എത്ര സങ്കീർണമായ പ്രശ്‌നങ്ങളേയും ആർദ്രമായ ചിരി കൊണ്ടും ഹൃദയം തൊടുന്ന സ്നേഹാന്വേഷണങ്ങൾ കൊണ്ടും അലിയിച്ചു കളയുവാൻ അദ്ദേഹത്തിന് കഴിയാറുണ്ടായിരുന്നു.. ഒട്ടും അഭിനയിക്കാത്ത പച്ചയായ മനുഷ്യനായിരുന്നു ശ്രീ കോടിയേരി. അപാരമായ ഓർമ്മശക്തി സഖാവിന്റെ സവിശേഷതയായിരുന്നു. കലാകാരന്മാരെ അദ്ദേഹം എന്നും അംഗീകരിച്ചിരുന്നു. എന്നോട് വ്യക്തിപരമായ ഒരു അടുപ്പക്കൂടുതൽ അദ്ദേഹം കാണിച്ചിരുന്നുവെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. എന്നാൽ എല്ലാവരോടും ഈ അടുപ്പക്കൂടുതൽ അദ്ദേഹം കാണിക്കാറുണ്ടായിരുന്നു.

കേരളത്തിനും പാർട്ടിക്കും നഷ്ടപ്പെട്ടത് മികച്ച സംഘാടകനേയും ഉജ്ജ്വലവാഗ്‌മിയേയും ഭരണകർത്താവിനെയുമൊക്കെ ആയിരിക്കാം. എനിക്ക് നഷ്ടപ്പെട്ടത് എനിക്ക് ഇഷ്ട്ടപെട്ട ഒരു സഖാവിനെയാണ്.. ഏത് പ്രശ്‌നവും അദ്ദേഹത്തിന്റെ മുൻപിൽ അവതരിപ്പിക്കുവാൻ നമുക്ക് കഴിയുമായിരുന്നു. എല്ലാം സശ്രദ്ധം അദ്ദേഹം കേൾക്കാറുണ്ടായിരുന്നു. ഈ വിയോഗം മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ എങ്ങനെ സഹിക്കാൻ പറ്റു മെന്നാണ് എന്റെ ചിന്ത. അത്രത്തോളം അടുപ്പമായിരുന്നല്ലോ ഇരുവരും തമ്മിൽ. ഈ മരണം കൊണ്ട് സങ്കടപ്പെട്ട എല്ലാ മനസുകളോടുമുള്ള ഐക്യദാർഢ്യം ഞാൻ രേഖപ്പെടുത്തുന്നു.

 

സമരമുഖങ്ങളിൽ ഇരമ്പിയാർത്ത സഖാവ് കോടിയേരി രോഗത്തോടും പൊരുതി തന്നെയാണ് കീഴടങ്ങിയത്. അചഞ്ചലമായ കരുത്ത് ഓരോ ഘട്ടത്തിലും അദ്ദേഹം കാണിച്ചു. മനുഷ്യർക്കിടയിൽ സ്‌നേഹം കുറഞ്ഞുവരുന്ന ഈ കാലഘട്ടത്തിൽ പ്രസന്നമായ മുഖഭാവത്തോടെ പൊതുരംഗത്ത് നിറഞ്ഞുനിന്ന കോടിയേരി സൃഷ്ടിക്കുന്ന ശൂന്യത നികത്താൻ കഴിയാത്തതാണ്. പകരക്കാരനില്ലാത്ത ഒരു നേതാവായിരുന്നു ശ്രീ കോടിയേരി. മരണമൗനത്തിന്റെ കച്ച പുതച്ചുറങ്ങുന്ന സഖാവിനു ആദരാഞ്ജലികൾ. ചിരിക്കുന്ന മുഖത്തോടെ ആകാശത്തുദിച്ച ചുവന്ന നക്ഷത്രമേ… ഇനി ശാന്തനായുറങ്ങുക.. ലാൽ സലാം..!

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe