കൊച്ചി: മസാല ബോണ്ട് കേസിൽ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് (ഇ.ഡി) അന്വേഷണത്തോട് സഹകരിക്കാത്ത കിഫ്ബിയെ വിമർശിച്ച് ഹൈകോടതി. ഇ.ഡി. സമൻസിനെ എന്തിനാണ് എല്ലാവരും പേടിക്കുന്നതെന്ന് ഹൈകോടതി ചോദിച്ചു. പ്രാഥമിക അന്വേഷണമാണ് ഇ.ഡി നടത്തുന്നത്. പ്രാഥമിക അന്വേഷണം നിർത്തിവെക്കണമെന്ന് കോടതിയെ കൊണ്ട് പറയിപ്പിക്കാനുള്ള ശ്രമമാണോ ഇതെന്നും കോടതി ചൂണ്ടിക്കാട്ടി.
കിഫ്ബി സമൻസ് അനുസരിക്കാത്തത് എന്തു കൊണ്ടാണ്. സമൻസിന് മറുപടി നൽകൂവെന്ന് പറഞ്ഞ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, സമൻസ് കിട്ടിയാൽ അതിനോട് പ്രതികരിക്കാതെ കോടതിയിലേക്ക് വരുന്നതിനോട് യോജിക്കാനാവില്ലെന്ന് വ്യക്തമാക്കി.
കിഫ്ബിയുടെ ഹരജിയിൽ നേരത്തെ തന്നെ ഉചിതമായ തീരുമാനം എടുത്തിട്ടുണ്ട്. അന്വേഷണം തടയാൻ സാധിക്കില്ല. അന്വേഷണത്തിനായി ആവശ്യപ്പെടുന്ന രേഖകൾ നൽകാൻ കിഫ്ബി ബാധ്യസ്ഥരാണ്. മുമ്പ് നൽകിയ രേഖകളാണ് വീണ്ടും ചോദിച്ചതെങ്കിൽ അക്കാര്യം ചൂണ്ടിക്കാട്ടി ഇ.ഡിക്ക് മറുപടി നൽകൂവെന്നും കോടതി ചൂണ്ടിക്കാട്ടി.
ഫെമ ലംഘനമാണ് പരിശോധിക്കുന്നത്. ഇതുവരെ ലംഘനം കണ്ടെത്തിയിട്ടില്ലെന്നും അതുകൊണ്ട് അറസ്റ്റോ മറ്റ് നടപടികളോ ഭയക്കേണ്ടതില്ലെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വ്യക്തമാക്കി.
മസാല ബോണ്ട് കേസിൽ ഹാജരാകുന്ന ഉദ്യോഗസ്ഥരെ ഇ.ഡി ഉദ്യോഗസ്ഥർ ബുദ്ധിമുട്ടിക്കുകയാണെന്ന് കിഫ്ബി കോടതിയിൽ വ്യക്തമാക്കി. ഉദ്യോഗസ്ഥരെ പല തവണ വിളിച്ചു വരുത്തുന്ന സാഹചര്യമുണ്ടായി. രേഖകളുടെ മുദ്രവച്ച പകർപ്പ് തന്നെ നൽകണമെന്ന് ഇ.ഡി. വാശി പിടിക്കുകയാണ്. സ്ത്രീകൾ അടക്കമുള്ള ഉദ്യോഗസ്ഥരെ ബുദ്ധിമുട്ടിക്കുകയാണെന്നും കിഫ്ബി വ്യക്തമാക്കി.
അതേസമയം, അന്വേഷണവുമായി കിഫ്ബി ഉദ്യോഗസ്ഥർ സഹകരിക്കുന്നില്ലെന്ന് ഇ.ഡി കോടതിയെ അറിയിച്ചു. ആറു തവണ നോട്ടീസ് പുറപ്പെടുവിച്ചു. എന്നാൽ, അന്വേഷണവുമായി ഉദ്യോഗസ്ഥർ സഹകരിക്കുന്നില്ല. അന്വേഷണം നിർത്തിവെപ്പിക്കാനുള്ള ശ്രമമുണ്ട്.
ഫെമ നിയമ ലംഘനം അടക്കം ദിനപ്രതി നൂറിലധികം കേസുകൾ ഇ.ഡി കൊച്ചി യൂനിറ്റ് കൈകാര്യം ചെയ്യുന്നുണ്ട്. ഈ കേസുകളിൽ പ്രമുഖരെ ചോദ്യം ചെയ്യേണ്ട സാഹചര്യമാണുള്ളത്. അവർക്കില്ലാത്ത പ്രത്യേകതയാണ് മസാല ബോണ്ട് കേസിലുള്ളതെന്നും ഇ.ഡി വ്യക്തമാക്കി.
ഇ.ഡി. സമൻസ് ചോദ്യം ചെയ്ത് സമർപ്പിച്ച ഹരജി ഹൈകോടതി ഫെബ്രുവരി ഒന്നിന് വീണ്ടും പരിഗണിക്കും.