തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലേർട്ട് ആണ്. ഇടിയോടും ശക്തമായ കാറ്റോടും കൂടിയ മഴയ്ക്ക് സാധ്യതയുള്ളതിനാൽ മലയോര, തീരദേശ മേഖലകളിൽ ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്.
ഗുജറാത്ത് തീരം മുതൽ മധ്യകേരള തീരം വരെ രൂപപ്പെട്ട ന്യൂനമർദ്ദ പാത്തിയുടെ സ്വാധീനത്തെ തുടർന്നാണ് മഴ ശക്തമാകുന്നത്. ജൂലൈ 13 വരെ കേരളം, മാഹി എന്നിവിടങ്ങളിൽ ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 60 കിലോമീറ്റർ വരെയും വേഗതയിൽ കാറ്റിനും മോശം കാലാവസ്ഥയ്ക്കുമാണ് സാധ്യത.
അടുത്ത മൂന്ന് മണിക്കൂറിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, മലപ്പുറം, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പുണ്ട്.
അതേസമയം ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ മഴക്കെടുതി തുടരുകയാണ്. ഡൽഹിയിൽ ഓറഞ്ച് അലർട്ട് തുടരുന്നതിനിടെ സമീപ പ്രദേശങ്ങളിലും ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. മഹാരാഷ്ട്രയിലും ഗുജറാത്തിലും മഴക്കെടുതിയിൽ മരണം ഉയരുകയാണ്. പുനെയിലെ കെട്ടിടാപകടത്തിൽ കാണാതായവർക്കായുള്ള തെരച്ചിൽ ഇന്നും തുടരും. ഉത്തരാഖണ്ഡ്, ഹിമാചൽ പ്രദേശ്, രാജസ്ഥാൻ സംസ്ഥാനങ്ങളിലും ശക്തമായ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്.
