ഇന്ത്യയുടെ തെറ്റായ ഭൂപടം പങ്കുവെച്ച വാട്ആപ്പിനെതിരെ കേന്ദ്രമന്ത്രി; ക്ഷമാപണം നടത്തി വാട്സ്ആപ്പ്

news image
Jan 1, 2023, 8:00 am GMT+0000 payyolionline.in

ന്യൂഡൽഹി: ഇന്ത്യയുടെ തെറ്റായ ഭൂപടം ട്വിറ്ററിൽ പങ്കുവെച്ചതിന് വാട്ആപ്പിനെതിരെ കേന്ദ്ര ഐ.ടി സഹമന്ത്രി രാജീവ് ചന്ദ്രശേഖർ. ഭൂപടത്തിലെ തെറ്റ് ഉടൻ തിരുത്തണമെന്ന് മന്ത്രി വാട്സ്ആപ്പിനോട് അഭ്യർഥിച്ചു.

“പ്രിയപ്പെട്ട വാട്സ്ആപ്പ്, ഇന്ത്യയുടെ മാപ്പിലെ തെറ്റ് ഉടൻ പരിഹരിക്കണം. ഇന്ത്യയിൽ ബിസിനസ്സ് ചെയ്യുന്നവരും, ബിസിനസ്സ് തുടരാൻ ആഗ്രഹിക്കുന്നവരും എല്ലാ പ്ലാറ്റ്ഫോമുകളും ശരിയായ മാപ്പുകൾ ഉപയോഗിക്കണം”- മന്ത്രി ട്വീറ്റ് ചെയ്തു.

ഉടൻതന്നെ ട്വീറ്റ് പിൻവലിച്ച് വാട്സ്ആപ്പ് ട്വിറ്ററിൽ ക്ഷമാപണം നടത്തി. മന്ത്രിയുടെ ട്വീറ്റിന് താഴെയാണ് വാട്സ്ആപ്പ് ക്ഷമാപണം നടത്തിയത്. “മനഃപൂര്‍വ്വമല്ലാത്ത തെറ്റ് ചൂണ്ടിക്കാട്ടിയതിന് നന്ദി. ഞങ്ങൾ ഉടൻ തന്നെ ട്വീറ്റ് പിൻവലിച്ചു. അതിൽ ക്ഷമ ചോദിക്കുന്നു. ഭാവിയിൽ ഇത്തരം തെറ്റുകൾ ആവർത്തിക്കാതിരിക്കാൻ ശ്രദ്ധിക്കും”- വാട്സ്ആപ്പ് ട്വീറ്റ് ചെയ്തു.

പുതുവർഷ തലേന്ന് നടന്ന ലൈവിനിടെയാണ് ജമ്മു കശ്മീരുമായി ബന്ധപ്പെട്ട തെറ്റായ ഭൂപടം വാട്സ്ആപ്പ് ട്വിറ്ററിൽ പങ്കുവെച്ചത്. ഇന്ത്യയുടെ തെറ്റായ മാപ്പ് ഉപയോഗിച്ചതിന് കഴിഞ്ഞ ആഴ്ച സൂം സി.ഇ.ഒ എറിക് യുവാനെയും കേന്ദ്രമന്ത്രി ശാസിച്ചിരുന്നു. തുടർന്ന് പോസ്റ്റ് നീക്കം ചെയ്തതായി സൂം സി.ഇ.ഒ അറിയിച്ചിരുന്നു. 2021 ജൂണിൽ ഇന്ത്യയുടെ വികലമായ മാപ്പ് പങ്കുവെച്ചതിന് ട്വിറ്ററും കടുത്ത വിമർശനത്തിന് ഇരയായിരുന്നു. തുടർന്ന് തെറ്റായ മാപ്പ് നീക്കം ചെയ്ത് ട്വിറ്ററും ക്ഷമാപണം നടത്തിയിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe