ഇഞ്ചിക്ക് വില കയറി ; വേണ്ടത്ര കിട്ടാനില്ലാത്തതിനാൽ ഇനിയും വില കൂടാം

news image
Mar 23, 2023, 6:47 am GMT+0000 payyolionline.in

കൽപറ്റ ∙ ഇഞ്ചിക്ക് 4 വർഷത്തിനിടയിലെ  ഏറ്റവും ഉയർന്ന വില. ഇന്നലെ വയനാട് മാർക്കറ്റിൽ 60 കിലോഗ്രാമിന്റെ ഒരു ചാക്ക് ഇഞ്ചിക്ക് 3700 രൂപയായിരുന്നു. കർണാടകയിൽ ഇത് 4500 രൂപ. നേരത്തേ 2018ലാണ് ഇഞ്ചിവില  4000ൽ എത്തിയത്. കേരളത്തിലുൾപ്പെടെ കൃഷിയും ഇഞ്ചി ഉൽപാദനവും വൻതോതിൽ കുറ‍ഞ്ഞപ്പോഴുണ്ടായ ക്ഷാമമാണ് ഇപ്പോഴത്തെ വിലവർധനയ്ക്കു കാരണം.

വിളവെടുപ്പ് നീട്ടിവച്ചവർക്കാണ് വിലവർധനയുടെ പ്രയോജനം. ഇക്കൊല്ലം തന്നെ നേരത്തേ വിളവെടുത്ത ഇഞ്ചി കുറഞ്ഞ വിലയ്ക്കാണ് വിറ്റുപോയത്. എന്നാൽ 2 ആഴ്ചയ്ക്കിടെ വിലയിൽ വലിയ മാറ്റമുണ്ടായി. ഫെബ്രുവരി വരെ ചാക്കിന് 2000 മുതൽ 2300  വരെ രൂപയായിരുന്നു വില. മാർച്ച് ആദ്യവാരം ഇതു 2500 രൂപയായി. കഴിഞ്ഞ ആഴ്ച മുതൽ വില വീണ്ടും ഉയർന്നാണ് 3700ൽ എത്തിയത്. ആവശ്യത്തിന് ഇഞ്ചി കിട്ടാനില്ലാത്തതിനാൽ വില ഇനിയും ഉയരാനാണു സാധ്യത.

കഴിഞ്ഞ 5 വർഷമായി ഇഞ്ചിക്കൃഷി ലാഭകരമല്ല. 2021ൽ ഇതേസമയം ഇഞ്ചിക്ക് ചാക്കിന് 900 രൂപയായിരുന്നു. 2022ൽ 700 രൂപ വരെ ആയി കുറഞ്ഞു. ഇതോടെ പലരും കൃഷി ഉപേക്ഷിക്കുകയും ചെയ്തു. ഇതാണ് വിലക്കയറ്റത്തിനു വഴി വച്ച ക്ഷാമത്തിനു കാരണം.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe