തിരുവനന്തപുരം : കാട്ടാക്കട ക്രിസ്ത്യൻ കോളജിലെ ആള്‍മാറാട്ട കേസിൽ ഒന്നാംപ്രതിയായ മുൻ പ്രിൻസിപ്പൽ ജി ജെ ഷൈജു മുൻകൂർ ജാമ്യം തേടി കോടതിയെ സമീപിച്ചു. അന്വേഷണത്തിൽ പൊലീസിന്റെ മെല്ലെപ്പോക്കിനിടെയാണ് മുഖ്യപ്രതി കോടതിയെ സമീപിച്ചത്. നാളെ റിപ്പോർട്ട് നൽകാൻ കോടതി പൊലീസിനോട് നിർദ്ദേശം നൽകി.
കാട്ടാക്കട ക്രിസ്ത്യൻ കോളജിൽ തെരഞ്ഞെടുപ്പിൽ യൂണിവേഴ്സറ്റി യൂണിയന് കൗണ്‍സിലറായി വിജയിച്ച വിദ്യാർത്ഥിനിക്ക് പകരം എസ്എഫ്ഐ നേതാവ് വിശാഖിന്റെ പേരാണ് മുൻ പ്രിൻസിപ്പൽ ഷൈജു യൂണിവേഴ്സിറ്റിക്ക് കൈമാറിയത്. വിജയിച്ച വിദ്യാർത്ഥിനി രാജിവച്ച ശേഷമായിരുന്നു ആള്‍മാറാട്ടം. രാഷ്ട്രീയ നേതൃത്വം കൂടി അറിഞ്ഞു നടന്നുവെന്ന് സംശയിക്കുന്ന ആള്‍മാറാട്ടത്തിൽ കേസെടുത്തിട്ട് ഒരാഴ്ച പിന്നിടുകയാണ്.
പരാതിക്കാരനായ സർവ്വകലാശാല രജിസ്ട്രാറുടെയും കോളജിലെ അധ്യാപകരുടയും മൊഴിയെടുത്തതല്ലാതെ പ്രതികളെ ഇതേവരെ കാട്ടാക്കട പൊലീസ് ചോദ്യം ചെയ്തിരുന്നില്ല. രേഖകളും മൊഴിയും ശേഖരിക്കുന്നുവെന്നാണ് പൊലീസ് വിശദീകരണം. മുൻ പ്രിൻസിപ്പൽ ഷൈജുവും ആള്‍മാറാട്ടം നടത്തിയ വിശാഖുമാണ് കേസിലെ പ്രതികള്‍. പ്രതികള്‍ക്കെതിരായ എല്ലാ തെളിവുകളും പൊലീസിന് ലഭിച്ചുവെന്ന ഘട്ടത്തിലാണ് ഒന്നാം പ്രതി ഇപ്പോള്‍ തിരുവനന്തപുരം സെഷൻസ് കോടതിയെ സമീപിച്ചത്.
കേസിൽ പൊലീസെടുക്കുന്ന നിലപാട് ഇനി നിർണായകമായിരിക്കും. മുൻ പ്രിൻസിപ്പൽ ഷൈജുവാണ് വിശാഖിന്റെ പേര് സർവ്വകലാശാലയെ അറിയിച്ചതെന്ന് ഇപ്പോഴത്തെ പ്രിൻസിപ്പൽ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. ഷൈജുവിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സർവ്വകലാശാല കൗണ്സിലമാരുടെ പട്ടികയിൽ വിശാഖിന്റെ പേര് ഉള്‍പ്പെടുത്തുകയും ചെയ്തു. കോളജിൽ നിന്നും സർവ്വകലാശാലയിൽ നിന്നും രേഖകളും പൊലീസിന് ലഭിച്ചു. തെരഞ്ഞെടുപ്പിൽ വിശാഖ് മത്സരിച്ചിരുന്നില്ലെന്ന് റിട്ടേണിംഗ് ഓഫീസറായ അധ്യാപകനും മൊഴി നൽകി. ഇത്രയും ശക്തമായ തെളിവുകളുള്ളപ്പോള്‍ പൊലീസ് റിപ്പോർട്ട് എന്താകുമെന്നാണ് അറിയേണ്ടത്.
അതേ സമയം വിജയിച്ച ശേഷം രാജിവച്ച അനഘയുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടില്ല. രാഷ്ട്രീയ സമ്മർദ്ദനൊടുവിൽ എസ്എഫ്ഐ നേതാവിന് വേണ്ടി രാജി വച്ചുവെന്നാണ് ആക്ഷേപം. ഇക്കാര്യം പുറത്തുവരാതിരിക്കാനാണോ മൊഴിയെടുപ്പ് വൈകുന്നതെന്നാണ് സംശയം. രാജിയെ കുറിച്ച് അനഘയും ഇതേവരെ പ്രതികരിച്ചില്ല.