ആലുവയിൽ കൊല്ലപ്പെട്ട അഞ്ചു വയസുകാരിയുടെ കുടുംബത്തിന് 10 ലക്ഷം കൈമാറി; അന്വേഷണം കുറ്റമറ്റ രീതിയിൽ മുന്നോട്ട്

news image
Aug 3, 2023, 1:53 pm GMT+0000 payyolionline.in

ആലുവ: ആലുവയില്‍ കൊല്ലപ്പെട്ട അഞ്ചു വയസുകാരിയുടെ കുടുംബത്തിന് സര്‍ക്കാര്‍ പ്രഖ്യാപിച്ച 10 ലക്ഷം രൂപ ധനസഹായം അനുവദിച്ചു കൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് കൈമാറിയെന്ന് മന്ത്രി പി രാജീവ്. മന്ത്രിമാരായ കെ രാധാകൃഷ്ണന്‍, എം ബി രാജേഷ് എന്നിവര്‍ക്കൊപ്പം കുട്ടിയുടെ വീട്ടിലെത്തിയാണ് മാതാപിതാക്കള്‍ക്ക് ഉത്തരവ് കൈമാറിയത്. ജില്ലാ കളക്ടറിന്റെ അക്കൗണ്ടിലെത്തുന്ന തുക രണ്ടു ദിവസത്തിനകം കുട്ടിയുടെ മാതാപിതാക്കളുടെ ജോയിന്റ് ബാങ്ക് അക്കൗണ്ടിലേക്ക് നല്‍കുമെന്ന് മന്ത്രി അറിയിച്ചു. ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് പെണ്‍കുട്ടിയുടെ കുടുംബത്തിന് 10 ലക്ഷം രൂപ നല്‍കാന്‍ തീരുമാനിച്ചത്.

കേസിലെ പ്രതിക്ക് പരമാവധി ശിക്ഷ ലഭിക്കുന്ന തരത്തില്‍ അന്വേഷണം കുറ്റമറ്റ രീതിയില്‍ മുന്നോട്ടു പോകുന്നുണ്ടെന്ന് മന്ത്രി അറിയിച്ചു. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിരിക്കാനുള്ള ഒരു കര്‍മ്മ പദ്ധതി രൂപീകരിക്കുന്നതാണ്. ഇതിന്റെ ഭാഗമായി മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ മന്ത്രിമാരെയും വിവിധ വകുപ്പുകളെ പങ്കെടുപ്പിച്ച് ഉന്നതതല യോഗം ചേരും. സംഭവം ആവര്‍ത്തിക്കാതിരിക്കുന്നതിനുള്ള ശക്തമായ മുന്‍കരുതല്‍ നടപടികളാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് മന്ത്രി രാജീവ് പറഞ്ഞു.

സംസ്ഥാനത്തെ അതിഥി തൊഴിലാളികളുടെ രജിസ്ട്രേഷന്‍ കൃത്യമായി നടത്തേണ്ടതുണ്ടെന്ന് ആഭ്യന്തര വകുപ്പ് നിര്‍ദേശം നല്‍കി. പൊലീസ്, എക്സൈസ്, തദ്ദേശ സ്വയംഭരണം, തൊഴില്‍, വനിത ശിശു വികസന വകുപ്പുകളുടെ ഏകോപനത്തോടെയാകും പ്രവര്‍ത്തനം സാധ്യമാക്കുക. കഴിഞ്ഞദിവസം ജില്ലയില്‍ ഉദ്യോഗസ്ഥതല യോഗം ചേര്‍ന്നിരുന്നു.  മാതാപിതാക്കള്‍ ജോലിക്കു പോകുന്നതിനാല്‍ സ്‌കൂള്‍ സമയം കഴിഞ്ഞും അവധി ദിവസങ്ങളിലും കുട്ടികള്‍ വീടുകളില്‍ ഒറ്റപ്പെട്ടു പോകുന്ന സാഹചര്യം ഒഴിവാക്കുന്നതിന്റെ ഭാഗമായി സ്‌കൂളുകള്‍ കേന്ദ്രീകരിച്ചു ഡേ കെയര്‍ സജ്ജമാക്കുന്ന കാര്യം യോഗത്തില്‍ ആലോചിച്ചിട്ടുണ്ടെന്നും മന്ത്രി രാജീവ് അറിയിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe