ആലുവയിലെ കുട്ടിയുടെ കൊലപാതകം: പ്രതിയുടെ പൗരത്വത്തിലും അന്വേഷണം, പൊലീസ് സംഘം ബിഹാറിലേക്ക്

news image
Aug 1, 2023, 3:01 pm GMT+0000 payyolionline.in

കൊച്ചി: ആലുവയിലെ കുട്ടിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട കേസിൽ അടുത്ത രണ്ട് ദിവസം പ്രതിയെ വിശദമായി ചോദ്യം ചെയ്യുമെന്ന് ഡി ഐജി എ.ശ്രീനിവാസ്. കൊച്ചിയിൽ വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രതിയുടെ മുൻകാല ക്രിമിനൽ പശ്ചാത്തലവും വിശദമായി പരിശോധിക്കുമെന്ന് പറഞ്ഞ അദ്ദേഹം ഇതിനായി പൊലീസ് സംഘം ബിഹാറിലേക്ക് അടക്കം പോയി വിവരങ്ങൾ ശേഖരിക്കുമെന്നും വ്യക്തമാക്കി. പ്രതി ബിഹാറുകാരനാണെന്നാണ് നിലവിൽ പൊലീസ് സംഘത്തിന് കിട്ടിയിരിക്കുന്ന വിവരം. എന്നാൽ ഇയാളുടെ പൗരത്വം സംബന്ധിച്ചടക്കം കാര്യങ്ങൾ വിശദമായ പരിശോധിക്കാനാണ് തീരുമാനമെന്ന് ഡിഐജി പറഞ്ഞു.

കുട്ടികൾക്കെതിരായ ലൈംഗിക കുറ്റകൃത്യത്തിൽ അസ്‌ഫാക് ആലം മുൻപും പിടിയിലായിരുന്നു എന്നാണ് പൊലീസിന്റെ കണ്ടെത്തൽ. 2018 ൽ ദില്ലി ഗാസീപൂരിൽ പത്ത് വയസുള്ള പെൺകുട്ടിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയതിന് പോക്സോ കേസിൽ ഇയാൾ റിമാന്റിൽ കഴിഞ്ഞിരുന്നു. ഒരു മാസം ജയിലിൽ കിടന്ന പ്രതി ജാമ്യത്തിലിറങ്ങി കേരളത്തിലേക്ക് കടക്കുകയായിരുന്നു. കേരളത്തിലെത്തിയ ഇയാൾ മൊബൈൽ മോഷ്ടിച്ച കേസിൽ പ്രതിയാണ്. മൊബൈലുകൾ മോഷ്ടിച്ച് വിറ്റ് ആ പണം കൊണ്ട് മദ്യപിക്കുന്നയാളാണ് ഇയാൾ.

പ്രതിയുടെ തിരിച്ചറിയൽ പരേഡ് ഇന്ന് പൂർത്തിയായി. ആലുവ മാർക്കറ്റിലെ തൊഴിലാളി താജുദ്ദീൻ, കുട്ടിയുമായി സഞ്ചരിച്ച കെഎസ്ആർടിസി ബസ്സിലെ കണ്ടക്ടർ സന്തോഷ്, യാത്രക്കാരി സ്സ്മിത അടക്കമുള്ളവരാണ് ആലുവ ജയിലിലെത്തി പ്രതിയെ തിരിച്ചറിഞ്ഞത്. ഇതിനിടെ  എറണാകുളം പോക്സോ കോടതി അസ്‌ഫാക് ആലത്തെ ചോദ്യം ചെയ്യലിനായി പത്ത് ദിവസം പോലീസ് കസ്റ്റഡിയിൽ വിട്ടു. കൊല്ലപ്പെട്ട കുട്ടിയുടെ ചിത്രം സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത് തടയാൻ നടപടിയെടുക്കണമെന്ന് പോലീസിന് കോടതി നിർദ്ദേശം നൽകിയിട്ടുണ്ട്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe