ആലപ്പുഴ മെഡിക്കൽ കോളജിൽ പ്രസവത്തിനു പിന്നാലെ അമ്മയും നവജാത ശിശുവും മരിച്ചു; പ്രതിഷേധം

news image
Dec 7, 2022, 12:00 pm GMT+0000 payyolionline.in

അമ്പലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രസവത്തോടൊപ്പം കുട്ടിമരിച്ചതിന് പിന്നാലെ അമ്മയുടെ ജീവനും പൊലിഞ്ഞു. അമ്മയും കുഞ്ഞും ഒരേ സമയം മരിച്ചതാണെന്നും വിവരങ്ങള്‍ മറച്ചുവെച്ചതാണെന്നുമാരോപിച്ച് ബന്ധുക്കളും നാട്ടുകാരുംപ്രതിഷേധിച്ചു. ആശുപത്രി സൂപ്രണ്ട് ഡോ.എ.അബ്ദുല്‍ സലാം ഇടപെട്ട് ഉന്നത സംഘത്തിന്‍റെ നേതൃത്വത്തില്‍ പോസ്റ്റുമോര്‍ട്ടം നടത്താമെന്നും കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കാമെന്നുമുള്ള ഉറപ്പിലാണ് പ്രതിഷേധക്കാര്‍ പിൻമാറിയത്.

സംഭവത്തിൽ ആരോഗ്യ മന്ത്രി വീണ ജോർജ് അന്വേഷണത്തിന് ഉത്തരവിട്ടു. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറോട് വിദഗ്ധ സമിതി രൂപീകരിച്ച് അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ മന്ത്രി നിർദേശം നൽകി. ഇതിനായി അഞ്ചംഗ മെഡിക്കൽ സംഘത്തെ നിയോഗിച്ചിട്ടുണ്ട്.

കൈനകരി കായിത്തറ വീട്ടിൽ രാംജിത്തിന്റെ ഭാര്യ അപർണ(22)യും നവജാതശിശുവുമാണ് മരിച്ചത്. ചൊവ്വാഴ്ച നാലോടെയാണ് കുട്ടിമരിച്ചതായ വിവരം ബന്ധുക്കളെ അറിയിക്കുന്നത്. ഗുരുതരാവസ്ഥയില്‍ ട്രോമ കെയറിലായിരുന്ന അപർണ ബുധനാഴ്ച പുലര്‍ച്ചെ നാലോടെ മരിച്ചെന്നുമാണ് ബന്ധുക്കളോട് പറഞ്ഞത്. എന്നാല്‍ ആശുപത്രി ജീവനക്കാരുടെ പിഴവ് മൂലം കുഞ്ഞിനോടൊപ്പം അമ്മയും മരിച്ചെന്നാണ് ആരോപണം.

കുട്ടി മരിച്ചെന്ന വിവരം അറിഞ്ഞ ബന്ധുക്കളുടെ പ്രതിഷേധവും രോഷവും കണ്ടാണ് അമ്മ മരിച്ച വിവരം പുറത്തുവിടാതിരുന്നതെന്നും ബന്ധുക്കള്‍ക്കിടയില്‍ ആക്ഷേപം ഉയര്‍ന്നിരുന്നു. കുട്ടിക്ക് പിന്നാലെ അമ്മയും മരിച്ചെന്ന വിവരമറിഞ്ഞ് കൈനകരിയിലുള്ള നാട്ടുകാരും ആശുപത്രിയില്‍ പ്രസവവാര്‍ഡില്‍ പ്രവേശിപ്പിച്ച മറ്റുള്ളവരോടൊപ്പം ഉള്ളവരും പ്രതിഷേധവുമായി ജെ ബ്ലോക്കിന്‍റെ കവാടത്തില്‍ തടിച്ചുകൂടി. അമ്പലപ്പുഴ,പുന്നപ സി.ഐ മാരുടെ നേതൃത്വത്തിലുള്ള പോലീസും ദ്രുതകർമസേനയും പ്രതിഷേധക്കാരെ അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. കുറ്റക്കാരെ പുറത്താക്കണമെന്നും ഉന്നത സംഘത്തിന്‍റെ നേതൃത്വത്തില്‍ കുട്ടിയുടെയും അമ്മയുടെയും പോസ്റ്റമോര്‍ട്ടം നടത്തണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. തഹസില്‍ദാര്‍ ജയ എത്തി ഉറപ്പ് നല്‍കിയതിന് ശേഷമാണ് ബന്ധുക്കള്‍ പിന്‍മാറിയത്.


ആശുപത്രി ഗൈനക്കോളജി വിഭാഗം തങ്കുകോശിയുടെ സ്വകാര്യ പ്രാക്ടീസിലാണ് അപർണയും ചികിത്സ തേടിയത്. പലതവണ സ്കാനിങും പരശോധനയും നടത്തിയെങ്കിലും അമ്മക്കും കുട്ടിക്കും കുഴപ്പമില്ലെന്നാണ് പറഞ്ഞിരുന്നത്. ഡോക്ടര്‍ നിർദേശിക്കുന്ന ലാബിലെയും സ്കാന്‍സെന്‍ററിലെയും പരിശോധനഫലവുമായി ചെന്നില്ലെങ്കില്‍ അംഗീകരിക്കില്ലെന്നും വീണ്ടും പരിശോധിപ്പിച്ചിരുന്നതായും ബന്ധുക്കള്‍ ആരോപിച്ചു.
ശനിയാഴ്ചയാണ് അപർണയെ പ്രസവത്തിനായി ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. അതിനുശേഷവും സ്‌കാൻ ചെയ്‌തെങ്കിലും അമ്മക്കും കുഞ്ഞിനും മറ്റ് ബുദ്ധിമുട്ടുകൾ ഇല്ലെന്നാണ് ഡോക്ടർമാർ പറഞ്ഞത്.
ചൊവ്വാഴ്‌ച പകൽ മൂന്നോടെ അപർണയെ പ്രസവത്തിനായി ലേബർമുറിയിൽ പ്രവേശിപ്പിച്ചു. ഒരു മണിക്കൂറിന് ശേഷം രാംജിത്തിന്റെ അമ്മ ഗീതയെ ലേബർമുറിയിലേക്ക് വിളിച്ചുവരുത്തി ഒപ്പിടണമെന്ന് ഡോക്ടർ ആവശ്യപ്പെട്ടു. കുട്ടിയെ പുറത്തെടുക്കാൻ ശസ്ത്രക്രിയ വേണമെന്ന് പറഞ്ഞാണ് ഒപ്പിടാൻ ആവശ്യപ്പെട്ടത്. ഒപ്പിട്ടുകൊടുത്തതിന് പിന്നാലെ കുട്ടി മരിച്ചെന്നാണ് ജീവനക്കാർ വിവരം അറിയിച്ചത്. പിന്നാലെരാംജിത്തും ബന്ധുക്കളും ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടറെ കണ്ട് വിവരങ്ങള്‍ അറിയാന്‍ ശ്രമിച്ചെങ്കിലും ഡോക്ടര്‍മാരും ജീവനക്കാരും ബന്ധുക്കളെകാണാന്‍ കൂട്ടാക്കിയില്ല.
തുടർന്ന് രാത്രി ഏറെ വൈകിയും ബന്ധുക്കള്‍ ഒച്ചപ്പാടും ബഹളവുമുണ്ടാക്കി. സംഭവം അറിഞ്ഞ് എയ്ഡ് പോസ്റ്റിൽ നിന്നു പോലീസ് എത്തി ശാന്തരാക്കാൻ ശ്രമിച്ചെങ്കിലും ഡോക്ടർമാരുമായി സംസാരിക്കണമെന്ന നിലപാടിൽ ബന്ധുക്കൾ ഉറച്ചുനിന്നത് പോലീസും ബന്ധുക്കളുമായി വാക്കേറ്റത്തിന് വഴിയൊരുക്കി. ഇതിനിടയില്‍ അപർണയുടെ അമ്മ സുനിമോൾ കുഴഞ്ഞുവീണതും പ്രതിഷേധം ശക്തമാകാന്‍ വഴിയൊരുക്കി. ആശുപത്രി സൂപ്രണ്ട് ഡോ. എ. അബ്ദുൽസലാം ബന്ധുക്കളുമായി ചർച്ചനടത്തി.
ബന്ധുക്കളുടെ മൊഴി രേഖപ്പെടുത്തി കേസ് എടുക്കാനും ഡോ. ഷാരിജ, ഡോ. ജയറാംശങ്കർ, ഡോ. വിനയകുമാർ, ഡോ.സജീവ്കുമാർ നഴ്സിങ്ങ് മേധാവി അംബിക എന്നിവരെ അന്വേഷണച്ചുമതല ഏര്‍പ്പെടുത്തിയതിന് ശേഷമാണ് ചൊവ്വാഴ്ച രാത്രിയില്‍ പ്രതിഷേധം ശാന്തമായത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe