പുതിയ ഗാർഹിക കണക്ഷനായി രജിസ്റ്റർ ചെയ്യാം
കോഴിക്കോട് : വീടുകളിലും ഓഫീസുകളിലും വാണിജ്യ സ്ഥാപനങ്ങളിലുമായി കേരളത്തിന്റെ സ്വന്തം ഇന്റർനെറ്റ് കണക്‌ഷനായ കെ-ഫോൺ കണക്‌ഷന് ജില്ലയിൽ വർധന. സാധാരണക്കാർക്ക് ഏറ്റവും മിതമായ നിരക്കിൽ അതിവേഗ ഇന്റർനെറ്റ് സൗകര്യം നൽകുന്നതാണ് കെ-ഫോൺ പദ്ധതി. ജില്ലയിൽ കെ-ഫോൺ പദ്ധതിവഴി 6273 കണക്‌ഷനുകളാണ് ഇതിനോടകം നൽകിയത്.
ജില്ലയിൽ ഇതുവരെ 2450 കിലോമീറ്റർ കേബിളുകളാണ് സ്ഥാപിച്ചത്. കെഎസ്ഇബി ട്രാൻസ്‌മിഷൻ ടവറുകളിലൂടെ 199 കിലോമീറ്ററും കെഎസ്ഇബി പോസ്റ്റുകൾ വഴി 2251.13 കിലോമീറ്റർ കേബിളുകളുമാണ് സ്ഥാപിച്ചത്. ജില്ലയിൽ കളക്ടറേറ്റ് ഉൾപ്പെടെയുള്ള 2145 സർക്കാർ ഓഫീസുകൾ ഇപ്പോൾ കെ-ഫോൺ നെറ്റുവർക്കാണ് ഉപയോഗിക്കുന്നത്.
ജില്ലയിൽ ആകെ 510 ബിപിഎൽ വീടുകളിലാണ് കെ-ഫോൺ കണക്‌ഷനുള്ളത്. 4110 വാണിജ്യ കണക്‌ഷനുകളും ജില്ലയിൽ നൽകി. പ്രാദേശിക ഓപ്പറേറ്റർമാർ വഴിയാണ് വാണിജ്യകണക്‌ഷനുകൾ നൽകുന്നത്. ജില്ലയുടെ വിവിധ ഭാഗങ്ങളിലായി 199 ലോക്കൽ നെറ്റുവർക്ക് ഓപ്പറേറ്റർമാർ ഇതിനായി കെ-ഫോണുമായി സഹകരിച്ച് പ്രവർത്തിക്കുന്നുണ്ട്. ബിസിനസിനായും മറ്റും നൽകുന്ന ഹൈസ്പീഡിലുള്ള നാല് ഐ.എൽ.എൽ. കണക്‌ഷനും ചെറുകിട-ഇടത്തരം സംരംഭങ്ങൾക്കായി 14 എസ്.എം.ഇ. കണക്‌ഷനുകളും ജില്ലയിൽ നൽകി. പുതിയ ഗാർഹിക കണക്‌ഷൻ എടുക്കാൻ എന്റെ കെ-ഫോൺ എന്ന മൊബൈൽ ആപ്പിലൂടെയോ കെ-ഫോൺ വെബ്സൈറ്റിലൂടെയോ രജിസ്റ്റർ ചെയ്യാം. 18005704466 എന്ന ടോൾഫ്രീ നമ്പർ വഴിയും കണക്‌ഷനായി രജിസ്റ്റർ ചെയ്യാം.