ആര്‍ദ്രം ജീവിതശൈലീ രോഗ നിര്‍ണയ സ്‌ക്രീനിംഗ് 1 കോടി കഴിഞ്ഞു; രാജ്യത്തിന് മാതൃകയായി കേരളം

news image
Mar 28, 2023, 12:34 pm GMT+0000 payyolionline.in

തിരുവനന്തപുരം > ജീവിതശൈലീ രോഗങ്ങള്‍ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി സംസ്ഥാന ആരോഗ്യ വകുപ്പ് നടപ്പിലാക്കുന്ന വാര്‍ഷിക പരിശോധനാ പദ്ധതിയായ ‘അല്‍പം ശ്രദ്ധ ആരോഗ്യം ഉറപ്പ്’ വഴി 30 വയസിന് മുകളില്‍ പ്രായമുള്ള ഒരു കോടിയിലധികം പേരുടെ സ്‌ക്രീനിംഗ് പൂര്‍ത്തിയാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. 10 മാസം കൊണ്ടാണ് ഈ നേട്ടം കൈവരിക്കാനായത്. ആരോഗ്യ രംഗത്ത് ചികിത്സയോടൊപ്പം രോഗപ്രതിരോധത്തിനും പ്രാധാന്യം നല്‍കിക്കൊണ്ട് ആരോഗ്യവകുപ്പ് നടപ്പിലാക്കി വരുന്ന കാമ്പയിന്‍ ഇതിനോടകം ദേശീയ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. രാജ്യത്തെ ബെസ്റ്റ് പ്രാക്ടീസസ് പദ്ധതികളുടെ കൂട്ടത്തില്‍ ഇത് അടുത്തിടെ അവതരിപ്പിച്ചു. രാജ്യത്തെ ഏക സാംക്രമികേതര രോഗ പദ്ധതിയായ ഈ പദ്ധതിയെ ശക്തിപ്പെടുത്തുന്നതിന് 10 കോടി രൂപയാണ് ഈ ബജറ്റില്‍ അനുവദിച്ചത്. ഇതിലൂടെ ജീവിതശൈലീ രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്താനാകും. എല്ലാ ആരോഗ്യ പ്രവര്‍ത്തകരേയും പഞ്ചായത്തുകളേയും മന്ത്രി അഭിനന്ദിച്ചു.

നവകേരളം കര്‍മ്മപദ്ധതി ആര്‍ദ്രം രണ്ടിന്റെ ഭാഗമായി സംസ്ഥാനത്തെ 30 വയസിന് മുകളില്‍ പ്രായമുള്ള എല്ലാ വ്യക്തികളേയും സ്‌ക്രീന്‍ ചെയ്യുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. രക്താതിമര്‍ദ്ദം, പ്രമേഹം, കാന്‍സര്‍, ക്ഷയരോഗം, ശ്വാസകോശ രോഗങ്ങള്‍ എന്നിവ പ്രാരംഭ ഘട്ടത്തില്‍ തിരിച്ചറിയുക എന്നതാണ് പ്രധാനമായും ഇതിലൂടെ ലക്ഷ്യമാക്കുന്നത്. ഇ ഹെല്‍ത്ത് രൂപകല്പന ചെയ്ത ശൈലി ആപ്പിന്റെ സഹായത്തോടെ ആശാ പ്രവര്‍ത്തകര്‍ നേരിട്ട് വീടുകളിലെത്തിയാണ് സ്‌ക്രീനിംഗ് നടത്തുന്നത്. ഇതിനായുള്ള പരിശീലനം എല്ലാ ജില്ലകളിലേയും ആശമാര്‍ക്ക് നല്‍കിയിട്ടുണ്ട്.

 

സ്‌ക്രീനിംഗ് വഴി രോഗസാധ്യത കണ്ടെത്തിയ വ്യക്തികളെ പരിശോധിച്ച് രോഗനിര്‍ണയം നടത്താനുള്ള പ്രവര്‍ത്തനങ്ങള്‍ എല്ലാ ജില്ലകളിലും നടന്നു വരുന്നു. നിലവില്‍ ജീവിതശൈലീ രോഗങ്ങളുള്ളവരുടേയും സാധ്യതയുള്ളവരുടേയും കൃത്യമായ വിവരങ്ങള്‍ ശേഖരിക്കാന്‍ ആരോഗ്യ വകുപ്പിനായി. ജീവിതശൈലീ രോഗങ്ങളും കാന്‍സറും നേരത്തേ തന്നെ കണ്ടുപിടിച്ച് ചികിത്സിക്കുന്നത് വഴി രോഗം സങ്കീര്‍ണമാകാതെ ചികിത്സിച്ച് ഭേദമാക്കാന്‍ കഴിയുന്നതോടൊപ്പം ജീവിതശൈലിയില്‍ മാറ്റം വരുത്തിയും വ്യായാമത്തിലൂടെയും ജീവിതശൈലീ രോഗങ്ങള്‍ വരാതെ നോക്കാനും സാധിക്കും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ജനപങ്കാളിത്തത്തോടെ ഇതിനായി കാമ്പയിനുകളും ആവിഷ്‌കരിച്ച് വരുന്നു.

ഇതുവരെ ആകെ 1,00,00,475 പേരുടെ സ്‌ക്രീനിംഗ് പൂര്‍ത്തിയാക്കി. ഇതില്‍ നിലവില്‍ ഇതില്‍ 19.86 ശതമാനം (19,86,398) പേര്‍ക്ക് ഏതെങ്കിലും ഒരു ഗുരുതര രോഗം വരുന്നതിനുള്ള സാധ്യത ഉള്ളതായി കണ്ടെത്തിയിട്ടുണ്ട്. കാന്‍സര്‍ നിയന്ത്രണ പദ്ധതിയുടെ ഭാഗമായി നടത്തിയ കാന്‍സര്‍ സ്‌ക്രീനിംഗിലൂടെ 6.38 ശതമാനം പേരെ (6,38,882) കാന്‍സര്‍ സാധ്യത കണ്ടെത്തി കൂടുതല്‍ പരിശോധനക്കായി റഫര്‍ ചെയ്തിട്ടുണ്ട്.

 

ഇതുകൂടാതെ കിടപ്പ് രോഗികളായ 72,949 (0.7%) പേരുടേയും പരസഹായം കൂടാതെ വീടിന് പുറത്തിറങ്ങാന്‍ സാധിക്കാത്ത 1,30,175 (1.3%) വ്യക്തികളുടേയും 30,14,538 (30%) വയോജനങ്ങളുടേയും ആരോഗ്യ സംബന്ധമായ വിവരങ്ങള്‍ ശൈലി ആപ്പ് വഴി ശേഖരിച്ചിട്ടുണ്ട്. ആവശ്യമായവര്‍ക്ക് വയോജന സാന്ത്വന പരിചരണ പദ്ധതി വഴി ആരോഗ്യ സേവനങ്ങള്‍ ഉറപ്പാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നു.

പ്രമേഹം, രക്താതിമര്‍ദ സാധ്യതയുള്ള വ്യക്തികളുടെ സബ്‌സെന്റര്‍തല സ്‌ക്രീനിംഗ് നടത്തി പ്രമേഹത്തിന്റെ അളവും രക്തസമ്മര്‍ദവും രേഖപ്പെടുത്തുവാനുള്ള സംവിധാനവും ശൈലി ആപ്പില്‍ പ്രവര്‍ത്തന ക്ഷമമായിട്ടുണ്ട്. കാന്‍സര്‍ സാധ്യത കണ്ടെത്തി റെഫര്‍ ചെയ്ത വ്യക്തികളുടെ കാന്‍സര്‍ രോഗനിര്‍ണയവും ചികിത്സയും കാര്യക്ഷമമാക്കുന്നതിനായി കാന്‍സര്‍ സ്‌ക്രീനിംഗ് പദ്ധതിയുടെ പ്രവര്‍ത്തനങ്ങളും നടന്നു വരുന്നു. ഇതോടൊപ്പം ജീവിതശൈലീ രോഗങ്ങളെക്കുറിച്ചുള്ള അവബോധം ജനങ്ങളില്‍ വര്‍ദ്ധിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങളും ജില്ലകളില്‍ നടന്നു വരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe