ആയൂർവേദ മരുന്ന് പാക്കറ്റുകളിൽ മയക്കുമരുന്ന് ചേർത്ത ചോക്ലലേറ്റുകൾ; ബംഗളുരുവിൽ ആറ് യുവാക്കൾ പിടിയിൽ

news image
Nov 14, 2024, 11:49 am GMT+0000 payyolionline.in

ബംഗളുരു: ആയൂർവേദ മരുന്നെന്ന പേരിൽ പാക്കറ്റുകളിൽ കിട്ടുന്നത് മയക്കുമരുന്ന് ചേർത്ത ചോക്ലലേറ്റുകൾ. ബംഗളുരു നഗരത്തിലും പരിസര പ്രദേശങ്ങളിലും ചില പാൻ ഷോപ്പുകൾ വഴി വ്യാപകമായി വിതരണം ചെയ്യപ്പെടുന്ന ചോക്ലേറ്റുകളെക്കുറിച്ച് രഹസ്യ വിവരം കിട്ടിയതിന്റെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ അന്വേഷണച്ചിൽ ആറ് പേർ പിടിയിലായി. വലിപ്പം അനുസരിച്ച് പത്ത് രൂപ മുതൽ 100 രൂപ വരെ ഈടാക്കിയാണത്രെ ഈ ചോക്ലേറ്റുകൾക്ക് കടകളിൽ വിൽക്കുന്നത്.

ചരസ് ഉൾപ്പെടെയുള്ള നിരോധിത മയക്കുമരുന്നുകളാണ് ഈ ചോക്ലലേറ്റുകളിൽ ചേർക്കുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്. പിടിയിലായ ആറ് പേരിൽ അഞ്ച് പേരും ഉത്തർപ്രദേശ് സ്വദേശികളാണ്. പത്ത് ലക്ഷത്തോളം രൂപ വില വരുന്ന 10,000 മയക്കുമരുന്ന് ചോക്ലേറ്റുകൾ കഴിഞ്ഞ ദിവസം പിടിച്ചെടുക്കുകയും ചെയ്തു. കഞ്ചാവ് ചെടികളിൽ നിന്ന് തയ്യാറാക്കുന്ന പ്രത്യേക തരം മയക്കുമരുന്നതാണ് ചരസ്. ഇതാണ് ചോക്ലേറ്റിൽ ചേർത്ത് വിൽക്കുന്നത്.

ഉത്തർപ്രദേശിൽ നിന്ന് ഇത്തരം ചോക്ലേറ്റുകൾ വാങ്ങി സ്വകാര്യ കൊറിയർ സംവിധാനത്തിലൂടെ ബംഗളുരുവിൽ എത്തിച്ച ജീത്തു ബിസംബർ സിങ് എന്ന 24കാനായ കൊറിയർ ജീവനക്കാരനും ആനന്ദ് കുമാർ സിങ് (30), അഭയ് ഗോസ്വാമി (24), ബി സോമു സിങ് (19), സൂരജ് സിങ് (28) എന്നിവരുമാണ് പിടിയിലായത്. നിയമപരമായി വിൽപന നടത്തുന്ന ഒരു ആയൂർവേദ മരുന്നിന്റെ ലേബലാണ് ഈ മയക്കുമരുന്നുകൾക്ക് ഉപയോഗിച്ചിരുന്നതും.

രഹസ്യ വിവരം കിട്ടിയതിന്റെ അടിസ്ഥാനത്തിൽ ഉദ്യോഗസ്ഥ സംഘം യുവാക്കളെ നിരീക്ഷിച്ചു വരികയായിരുന്നു. ഒടുവിൽ എല്ലാവരെയും പിടികൂടുകയും ചെയ്തു. തൊഴിലാളികൾക്കും സ്കൂൾ, കോളേജ് വിദ്യാർത്ഥികൾക്കുമാണ് ചരസ് ചോക്ലേറ്റുകൾ വിറ്റിരുന്നതെന്നും വിവരം ലഭിച്ചിട്ടുണ്ട്. ഇവ ഉത്പാദിപ്പിക്കുന്ന കേന്ദ്രങ്ങൾ കണ്ടെത്താൻ ആവശ്യപ്പെട്ട് ഉത്തർപ്രദേശ് പൊലീസിന് വിവരം കൈമാറിയിട്ടുണ്ടെന്നും ബംഗളുരു പൊലീസ് പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe