വടകര: അഴിയൂർ ഗ്രാമപഞ്ചായത്തിന്റെ കീഴിൽ പ്രവർത്തിച്ച് വരുന്ന വിളപരിപാലന കേന്ദ്രം കൃഷി ഭവനിലേക്ക് മാറ്റുന്നതിനെ വിഷയവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യാൻ ചേർന്ന കാർഷിക വികസന സമിതി യോഗം തീരുമാനമാകാതെ പിരിഞ്ഞു. യു.ഡി.ഫ് എൽ.ഡി.എഫ് സമിതി അംഗങ്ങൾ ചേരി തിരിഞ്ഞ് നടത്തിയ വാക്കേറ്റത്തെ തുടർന്ന് യോഗം അവസാനിപ്പിക്കുകയായിരുന്നു. പഞ്ചായത്തിനോട് ചേർന്ന കെട്ടിടത്തിൽ പ്രവർത്തിക്കുന്ന വിളപരിപാലന കേന്ദ്രം കൃഷി ഭവനിലേക്ക് മാറ്റി അവിടെ തൊട്ടടുത്ത പഞ്ചായത്ത്ഷോപ്പിംഗ് കോംപ്ലക്സിലെ മുകളിലെ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ഹെൽത്ത് സബ്ബ് സെന്റർ സ്ഥാപിക്കാനും പഞ്ചായത്ത് ഭരണസമിതി തീരുമാനിച്ചിരുന്നു.
നിലവിലുള്ള എല്ലാ സൗകര്യങ്ങളോടും കൂടെ വിളപരിപാലന കേന്ദ്രം മാറ്റി സ്ഥാപിക്കുമ്പോൾ അതിന്റെ പ്രവർത്തനം പുനരാരംഭിക്കാൻ ചെറിയ കാലതാമസം ഉണ്ടാകുമെന്ന് പഞ്ചായത്ത് പ്രസിഡണ്ട് യോഗത്തെ അറിയിച്ചു. ഈ തീരുമാനത്തെ യു.ഡി.എഫ് അനുകൂലിച്ചു. എന്നാൽ കൃഷി ഭവനിലേക്ക് മാറ്റി സ്ഥാപിക്കുന്നത് വരെ ഇതിന്റെ പ്രവർത്തനം പഞ്ചായത്ത് കോമ്പൗണ്ടിലെ നിലവിലുള്ള കെട്ടിടത്തിൽ നടത്തണം.
താൽക്കാലികമായി പൂട്ടാനുള്ള നീക്കം അനുവദിക്കില്ലെന്നും എല്ലാ സൗകര്യങ്ങളും ഒരുക്കി മാത്രം മാറ്റുന്നതിനോട് യോജിക്കുന്നുവെന്നും എൽ.ഡി.എഫ് അംഗങ്ങൾ വ്യക്തമാക്കി. ഷോപ്പിംഗ് കോംപ്ലക്സ് കെട്ടിടത്തിന് ഫിറ്റ്നസ് ഇല്ലെന്ന് പഞ്ചായത്ത് എഞ്ചിനിയറിങ് വിഭാഗം അറിയിച്ചിരുന്നു. തുടർന്ന് ഹെൽത്ത് സബ്ബ് സെന്ററിന് പുതിയ കെട്ടിടം കണ്ടെത്താൻ ശ്രമം നടന്നിരുന്നു. തുടർന്നാണ് വിളപരിപാലന കേന്ദ്രത്തിലേക്ക് മാറ്റാൻ ഭരണ സമിതി യോഗം തീരുമാനിച്ചത്.ഇരു വിഭാഗവും തമ്മിൽ ഏറെ നേരം ബഹളം നടന്നു പഞ്ചായത്ത് പ്രസിഡണ്ട് ആയിഷ ഉമ്മർ യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു.പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശശിധരൻ തോട്ടത്തിൽ. അനുഷ ആനന്ദ സദനം, വികസന സമിതി അംഗങ്ങളായ പി പി ശ്രീധരൻ, പി ബാബുരാജ്, പ്രദീപ് ചോമ്പാല, ഹാരിസ് മുക്കാളി, കെ പി പ്രമോദ് കെ പി രവീന്ദ്രൻ ,റീന രയരോത്ത് കൃഷിവകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ സി വി ശുഭ,വി കെ സിന്ധു എന്നിവർ സംസാരിച്ചു.