അലന്‍ ഷുഹൈബ് ജാമ്യവ്യവസ്ഥ ലംഘിച്ചെന്ന്; പൊലീസ് എൻ.ഐ.എ കോടതിയിൽ റിപ്പോർട്ട് നൽകി

news image
Nov 21, 2022, 4:57 am GMT+0000 payyolionline.in

കോഴിക്കോട്: പന്തീരാങ്കാവ് യു.എ.പി.എ കേസില്‍ പ്രതിയായ അലന്‍ ഷുഹൈബ് ജാമ്യവ്യവസ്ഥകൾ ലംഘിച്ചതായി പൊലീസ് കോടതിയിൽ റിപ്പോർട്ട് നൽകി. കണ്ണൂര്‍ പാലയാട് ലോ കോളജ് കാമ്പസില്‍ റാഗിങ് നടത്തിയെന്ന എസ്.എഫ്‌.ഐയുടെ പരാതിയിൽ രജിസ്റ്റർ ചെയ്ത കേസിനെ തുടർന്നാണ് നടപടി. അലൻ ജാമ്യവ്യവസ്ഥ ലംഘിച്ചെന്നുകാട്ടി പന്നിയങ്കര എസ്.എച്ച്.ഒ കെ. ശംഭുനാഥാണ് കൊച്ചി എന്‍.ഐ.എ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയത്. യു.എ.പി.എ കേസില്‍ ജാമ്യത്തിലുള്ള അലന്‍ ജാമ്യവ്യവസ്ഥകള്‍ ലംഘിക്കുന്നുണ്ടോ എന്ന് നിരീക്ഷിക്കാനുള്ള ചുമതല നേരത്തെ കോടതി പന്നിയങ്കര പൊലീസിന് നൽകിയിരുന്നു. ഏതെങ്കിലും ക്രിമിനൽ കേസില്‍ ഉള്‍പ്പെട്ടാല്‍ അത് റിപ്പോര്‍ട്ട് ചെയ്യാനുള്ള ചുമതല തനിക്കാണെന്നും അതിനാലാണ് ജാമ്യവ്യവസ്ഥകള്‍ ലംഘിച്ചുവെന്നുകാട്ടി റിപ്പോര്‍ട്ട് നല്‍കിയതെന്നും കെ. ശംഭുനാഥ് പറഞ്ഞു.

എന്‍.ഐ.എ കോടതിയുടെ ജാമ്യവ്യവസ്ഥകള്‍ പ്രകാരം ഏതെങ്കിലും കേസില്‍ ഉള്‍പ്പെടുകയോ മാവോവാദി ആശയങ്ങള്‍ പ്രചരിപ്പിക്കുകയോ അത്തരം പരിപാടികളില്‍ പങ്കെടുക്കുകയോ ചെയ്യരുത്. എന്നാല്‍, എസ്.എഫ്‌.ഐയുടെ പരാതിയില്‍ ധർമടം പൊലീസ് സ്റ്റേഷനില്‍ അലനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കേസിന്റെ അടിസ്ഥാനത്തിലാണ് അലനെതിരെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ധർമടം പൊലീസ് നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ജാമ്യവ്യവസ്ഥകളുടെ ലംഘനം നടന്നതായി റിപ്പോര്‍ട്ട് നല്‍കിയത്. ഇക്കാര്യത്തിൽ തുടർ നടപടി സ്വീകരിക്കേണ്ടത് കോടതിയാണെന്നും ശംഭുനാഥ് പറഞ്ഞു.

കോളജില്‍ നടന്ന സംഘര്‍ഷത്തില്‍ മറ്റ് വിദ്യാർഥികളെ ഉപദ്രവിച്ചുവെന്ന് ആരോപിച്ചാണ് അലന്‍ ഉള്‍പ്പെടെ രണ്ടു പേർക്കെതിരെ ധർമടം പൊലീസ് നവംബര്‍ രണ്ടിന് കേസെടുത്തത്. തന്നെ കുടുക്കാന്‍വേണ്ടിയുള്ള കള്ളക്കേസാണിതെന്നായിരുന്നു അലന്‍ നേരത്തെ പ്രതികരിച്ചിരുന്നത്

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe