‘അറസ്റ്റ് തടയണം’; പി വി അൻവർ എംഎൽഎയുടെ ഭീഷണി ചൂണ്ടിക്കാട്ടി ഷാജൻ സ്കറിയ ഹൈക്കോടതിയിൽ

news image
Jul 14, 2023, 3:51 pm GMT+0000 payyolionline.in

കൊച്ചി: വിവിധ കേസുകളിലെ അറസ്റ്റ് ഭീഷണിയെ തുടർന്ന് ഓൺലൈൻ ചാനൽ മറുനാടൻ മലയാളിയുടെ എഡിറ്റർ ഷാജൻ സ്കറിയ  ഹൈക്കോടതിയെ സമീപിച്ചു. മുൻകൂർ നോട്ടീസ് നൽകി വിശദീകരണം കേൾക്കാതെ അറസ്റ്റ് ചെയ്യുന്നത് തടയണമെന്നാവശ്യപ്പെട്ടാണ് ഹൈക്കോടതിയെ സമീപിച്ചത്. നിലമ്പൂർ എംഎൽഎ പി.വി. അൻവറിന്റെ ഫേസ്ബുക്ക് പോസ്റ്റിലെ ഭീഷണി ഉൾപ്പെടെ ചൂണ്ടിക്കാട്ടിയാണ് ഹർജി.

തനിക്കെതിരെ 107ഓളം എഫ്ഐആർ തന്റെ പക്കലുണ്ടെന്ന് എംഎൽഎ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. രാഷ്ട്രീയ  സ്വാധീനപുയോഗിച്ച് ഈ കേസുകൾളിൽ അറസ്റ്റ് ചെയ്യപ്പെടാൻ സാധ്യതയുണ്ടെന്നും ഷാജൻ സ്കറിയ ഹർജിയിൽ പറയുന്നു. ഇക്കാര്യത്തിൽ ഡിജിപിക്ക് നിർദേശം നൽകണമെന്നും സുപ്രീം കോടതി വിധി അട്ടിമറിച്ച് അറസ്റ്റ് നടത്താൻ ഭരണകക്ഷി എംഎൽഎ ഗൂഢാലോചന നടത്തുന്നുവെന്നും അദ്ദേഹം ആരോപിച്ചു. തനിക്കെതിരെ എവിടെ‌യൊക്കെ കേസ് എടുക്കുന്നു എന്ന് അറിയില്ലെന്നും ഹർജിക്കാരൻ ചൂണ്ടിക്കാട്ടി. എസ്.സി-എസ്ടി പരാതിയിൽ സുപ്രീം കോടതി അറസ്റ്റ് തടഞ്ഞതിനാൽ തന്നെ കൂടുതൽ കേസിൽപ്പെടുത്താൻ ഗൂഢാലോചനയുണ്ടെന്നും ഹർജിയിലാരോപിച്ചു.

കഴിഞ്ഞയാഴ്ചയാണ് മറുനാടൻ എഡിറ്റർ ഷാജൻ സ്കറിയക്കെതിരായ കേസ് എസ്‌സി എസ്‌ടി അതിക്രമ നിരോധന നിയമത്തിന്റെ പരിധിയിൽ വരില്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് പറഞ്ഞത്. അപകീർത്തിപരമായ പരാമർശങ്ങളാണ് ഷാജൻ സ്കറിയ നടത്തിയതെന്ന വാദം അദ്ദേഹം ശരിവച്ചു. എന്നാൽ ഷാജൻ സ്കറിയയെ അറസ്റ്റ് ചെയ്യുന്നത് തടഞ്ഞ സുപ്രീം കോടതി കേസിൽ സംസ്ഥാന സർക്കാരിന് നോട്ടീസ് നൽകി. മൂന്നാഴ്ചയ്ക്ക് ശേഷം കേസ് വീണ്ടും പരിഗണിക്കുമെന്നും കോടതി വ്യക്തമാക്കി. മുതിർന്ന മാധ്യമ പ്രവർത്തകൻ്റെ സ്വാതന്ത്ര്യമാണ് കോടതി പരിഗണിക്കുന്നതെന്ന് ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് പറഞ്ഞു.

വാക്കുകൾ നിയന്ത്രിക്കാൻ ഷാജൻ സ്കറിയയെ ഉപദേശിക്കണമെന്ന് അഭിഭാഷകരോട്  ചീഫ് ജസ്റ്റിസ് ആവശ്യപ്പെട്ടു. ഹൈക്കോടതി ജാമ്യപേക്ഷ നിരസിച്ചതോടെയാണ് ഷാജൻ സ്കറിയ സുപ്രീം കോടതിയെ സമീപിച്ചത്. വ്യാജവാർത്ത നൽകി വ്യക്തിപരമായി അധിക്ഷേപിക്കാൻ ശ്രമിച്ചെന്ന പിവി ശ്രീനിജിൻ എംഎൽഎയുടെ പരാതിയിലാണ് ഷാജനെതിരായ കേസുകളിൽ ഒന്ന് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe