തിരുവനന്തപുരം: അരി വിലവർധനയും കാലിയായ മാവേലി സ്റ്റോറുകളും ജനജീവിതം ദുസ്സഹമാക്കിയതിൽ പ്രതിഷേധിച്ച് കാലിക്കലവുമായി തിങ്കളാഴ്ച മഹിള കോൺഗ്രസ് നിയമസഭ മാർച്ച് നടത്തും. നൂറുകണക്കിന് വീട്ടമ്മമാർ അണിനിരക്കുന്ന മാർച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യുമെന്ന് മഹിള കോൺഗ്രസ് സംസ്ഥാന അധ്യക്ഷ ജെബി മേത്തർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. സമരത്തിന്റെ രണ്ടാംഘട്ടമായി ജില്ല, ബ്ലോക്ക് കമ്മിറ്റികളുടെ നേതൃത്വത്തിൽ കാലിക്കലവുമായി വനിതകൾ മാവേലി സ്റ്റോറുകളിലേക്കും മാർച്ച് ചെയ്യും.
കെ.എസ്.ആർ.ടി.സിയെ പോലെ സപ്ലൈകോയെ സർക്കാർ സ്വയം മരണത്തിലേക്ക് തള്ളിവിടുകയാണ്. 12,000 കോടിയിലേറെയാണ് സപ്ലൈകോയുടെ കടം. ബജറ്റിൽ വകയിരുത്തിയ തുകയുടെ പകുതി പോലും നൽകിയിട്ടില്ല. രണ്ടാഴ്ചക്കുള്ളിൽ അരിവില 10 രൂപ വർധിച്ചിട്ടും സർക്കാർ നടപടി എടുക്കുന്നില്ല.
മാവേലി സ്റ്റോറുകളിൽ ഒഴിഞ്ഞ റാക്കുകൾ മാത്രമാണ്. സർക്കാർ അടിയന്തരമായി ആയിരം കോടി രൂപയെങ്കിലും സപ്ലൈകോക്ക് നൽകണം. അരി വില നിയന്ത്രിക്കാൻ സർക്കാർ ഇടപെടണമെന്നും അവർ ആവശ്യപ്പെട്ടു.