അരിക്കൊമ്പന്‍റെ ജിപിഎസ് കോളർ വനം വകുപ്പിന് അനുമതി; വ്യാഴാഴ്ചയോടെ എത്താന്‍ സാധ്യത

news image
Apr 11, 2023, 3:17 pm GMT+0000 payyolionline.in

ഇടുക്കി: ഇടുക്കിയിലെ അരിക്കൊമ്പനെ പിടികൂടുമ്പോൾ ഘടിപ്പിക്കാനുള്ള ജിപിഎസ് കോളർ സംസ്ഥാന വനം വകുപ്പിന് കൈമാറാൻ അനുമതി ലഭിച്ചു. അസ്സം ചീഫ് വൈൽഡ് ലൈഫ് വാർ‍നാണ് അനുമതി നൽകിയത്. കേരളത്തിൽ നിന്നുള്ള വനംവകുപ്പ് ഉദ്യോഗസ്ഥൻ അസ്സമിലെത്തി കോളർ കൈപ്പറ്റും.

ചീഫ് വൈൽ‍‍ഡ് ലൈഫ് വാർഡന്‍റെ അനുമതി ലഭിച്ചാൽ നാളത്തന്നെ ഉദ്യോഗസ്ഥൻ പുറപ്പെടും. വ്യാഴാഴ്ചയോടെ കോളർ എത്തിക്കാനാണ് സാധ്യത. അതിന് ശേഷം മോക്ക് ഡ്രിൽ, ദൗത്യം എന്നിവ നടത്തുന്നതിനുള്ള തീയതി തീരുമാനിക്കും. കോടതി നിർദ്ദേശ പ്രകാരമായിരിക്കും എവിടേക്ക് മാറ്റണമെന്ന കാര്യത്തിൽ തീരുമാനമെടുക്കുക.

അതേസമയം, അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് എത്തിക്കുന്നതില്‍ പ്രതിഷേധം ശക്തമാകുന്നു. അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് കൊണ്ടുവരുന്നത് ഒരു കാരണവശാലും അംഗീകരിക്കില്ലെന്ന നിലപാടിലാണ് പഞ്ചായത്ത് ഭരണസമിതി. പ്രതിഷേധം കടുപ്പിക്കുന്നതിന്‍റെ ഭാഗമായി ഈ മാസം പതിനേഴാം തിയതി ഹർത്താൽ നടത്താനും ഇന്ന് പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന സര്‍വ്വകക്ഷി യോഗം തീരുമാനിച്ചു.

അതിനിടെ, അരിക്കൊമ്പനെ ചിന്നക്കനാലിൽ നിന്ന് പറമ്പിക്കുളത്തേക്ക് മാറ്റുന്നത്, ഇടതു കാലിലെ മന്ത് വലതു കാലിലേക്ക് മാറ്റുന്നത് പോലെയെന്ന് വനംമന്ത്രി എ കെ ശശീന്ദ്രന്‍ അഭിപ്രായപ്പെട്ടു. അടുത്തുള്ള തേക്കടിയിലേക്ക് മാറ്റാതെ, പറമ്പിക്കുളത്തേക്ക് മാറ്റാനുള്ള കോടതി വിധിയുടെ യുക്തി മനസ്സിലാകുന്നില്ലെന്നും മന്ത്രി പാലക്കാട്‌ പറഞ്ഞു. പിടി സേവനെ കാണാൻ ധോണിയിൽ എത്തിയതായിരുന്നു വനംമന്ത്രി.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe