ഇടുക്കി : പുലർത്തെ നാല് മണിയോടെയാരംഭിച്ച ഇന്നത്തെ അരിക്കൊമ്പൻ ദൗത്യം അവസാനിപ്പിച്ചു. ആനയെവിടെയെന്ന് കണ്ടെത്താൻ വനംവകുപ്പിന് കഴിഞ്ഞില്ല. ഇതോടെ ഉച്ചയോടെ ഉദ്യോഗസ്ഥ സംഘത്തോട് മടങ്ങാൻ വനംവകുപ്പ് നിർദ്ദേശം നൽകുകയായിരുന്നു. നാളെ വീണ്ടും ദൗത്യം ആരംഭിക്കും. വനംവകുപ്പ് ഉദ്യോഗസ്ഥരടക്കം 150 ലേറെ പേരാണ് ചിന്നക്കനാലിൽ ജനജീവിതം ദുസ്സഹമാക്കി നാശം വിതച്ച അരിക്കൊമ്പനെ സ്ഥലംമാറ്റാനുള്ള ദൗത്യസംഘത്തിലുള്ളത്.
പുലർച്ചെ നാല് മണിയോടെ ആരംഭിച്ച തിരച്ചിലിൽ അരിക്കൊമ്പൻ എന്ന് കരുതുന്ന ആനയെ കണ്ടെങ്കിലും പിന്നീട് ഇത് കാടിനുള്ളിൽ മറഞ്ഞു. വെയിൽ ശക്തമായതിനാൽ ഇനി ആനയെ കണ്ടെത്തി വെടിവെച്ചു മയക്കി മറ്റൊരിടത്തേക്ക് മാറ്റാനുള്ള സാധ്യത മങ്ങിയതോടെയാണ് ദൗത്യം അവസാനിക്കാൻ തീരുമാനിച്ചത്. പിന്നാലെ അരിക്കൊമ്പന് വേണ്ടിയുള്ള ജി പി എസ് കോളർ ബേസ് ക്യാമ്പിൽ തിരികെ എത്തിച്ചു.