അയൽവാസികൾ തമ്മിൽ തർക്കം; കൊച്ചി ചേന്ദമംഗലത്ത് ഒരു വീട്ടിലെ 3 പേരെ വെട്ടിക്കൊലപ്പെടുത്തി, പ്രതി കസ്റ്റ‍ഡിയിൽ

news image
Jan 16, 2025, 3:44 pm GMT+0000 payyolionline.in

കൊച്ചി: വടക്കൻ പറവൂർ ചേന്ദമംഗലത്ത് ഒരു കുടുംബത്തിലെ മൂന്നു പേരെ അയൽവാസി വെട്ടിക്കൊലപ്പെടുത്തി. അയൽവാസികൾ തമ്മിലുള്ള തർക്കത്തിനിടെ ഇന്നു വൈകിട്ടാണു സംഭവം. പേരേപ്പാടം കാട്ടുപറമ്പിൽ വേണു, ഭാര്യ ഉഷ, മരുമകൾ വിനീഷ, എന്നിവരാണു കൊല്ലപ്പെട്ടത്. വേണുവിന്റെ മകൻ ജിതിനെ ഗുരുതര പരുക്കുകളോടെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതിയായ ഇവരുടെ അയൽവാസി ഋതു ജയനെ (28) പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. വീട്ടില്‍ രണ്ടു കുട്ടികളുണ്ടായിരുന്നെങ്കിലും ഇവരെ ഉപദ്രവിച്ചിട്ടില്ലെന്നു പൊലീസ് പറഞ്ഞു.

വടക്കേക്കര പൊലീസ് സ്ഥലത്തെത്തി പ്രതിയെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. ഇയാളെ വടക്കേക്കര പൊലീസ് സ്റ്റേഷനിൽ എത്തിച്ച് ചോദ്യം ചെയ്യുകയാണ്. വ്യക്തി വിരോധമാണ് ആക്രമണത്തിനു പിന്നിലെന്നാണു പ്രാഥമിക നിഗമനം. ഋതു ജയൻ മൂന്നോളം കേസുകളിൽ പ്രതിയാണ്. ഇയാൾ നോർത്ത് പറവൂർ പൊലീസിന്റെ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ട ആളാണെന്നും മുനമ്പം ഡിവൈഎസ്പി എസ്.ജയകൃഷ്ണൻ പറഞ്ഞു. വടക്കേക്കര, നോർത്ത് പറവൂർ പൊലീസ് സ്റ്റേഷനുകളിലായി ഇയാൾക്കെതിരെ നിരവധി കേസുകളുണ്ട്. കൊല്ലപ്പെട്ടവരുടെ മൃതദേഹം വടക്കൻ പറവൂർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe