അഭിമന്യു വധക്കേസ്; പ്രതികൾക്കെതിരെ ഒരു വകുപ്പ് കൂടി ചുമത്തും, നീക്കം വിചാരണ തുടങ്ങാനിരിക്കെ

news image
Jul 24, 2026, 9:53 am GMT+0000 payyolionline.in

കൊച്ചി: മഹാരാജാസ് കോളേജിലെ എസ്എഫ്‌ഐ നേതാവായിരുന്ന അഭിമന്യുവിന്റെ കൊലപാതകത്തിൽ വിചാരണ തുടങ്ങാനിരിക്കെ പ്രതികൾക്കെതിരെ ഒരു വകുപ്പ് കൂടി ചുമത്താൻ നീക്കം. പ്രതികൾക്കെതിരെ ഐപിസി 323 ചുമത്താനാണ് പ്രോസിക്യൂഷൻ അപേക്ഷ നൽകിയിരിക്കുന്നത്. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് അപേക്ഷ നൽകിയിരിക്കുന്നത്. കേസ് ഈ മാസം 28 ന് വീണ്ടും പരിഗണിക്കും. അഭിമന്യു വധക്കേസിൽ ഇന്ന് വിചാരണ തീയതി നിശ്ചയിക്കുമെന്നാണ് കരുതിയിരുന്നത്.

ബോധപൂർവം പരിക്കേൽപ്പിക്കുക എന്ന കുറ്റകൃത്യമാണ് ഐപിസി 323ന് കീഴിൽ വരുന്നത്. അഭിമന്യുവിനെ മർദിച്ച പ്രതികൾക്ക് രക്ഷപ്പെടാനുള്ള പഴുതടയ്ക്കാനാണ് പ്രോസിക്യൂഷന്റെ അസാധാരണ നീക്കം. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് പെറ്റീഷൻ പരിഗണിക്കുന്നത്. പ്രതിഭാഗത്തോട് ഇത് സംബന്ധിച്ച മറുപടി കോടതി തേടും. കൊലപാതകം, കൊലപാതക ശ്രമം, അന്യായമായി സംഘം ചേരൽ തുടങ്ങിയ എട്ട് വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം കുറ്റപത്രം പ്രതികളെ വായിച്ച് കേൾപ്പിക്കുകയും പ്രതികൾ ഇത് നിഷേധിക്കുകയും ചെയ്തിരുന്നു. എന്നാൽ എട്ട് വർഷത്തിന് ശേഷം മാത്രം വാദം തുടങ്ങുന്ന കേസിൽ പുതിയ വകുപ്പ് കൂടി ചേർക്കുമ്പോൾ തുടർനടപടികളിൽ കാലതാമസം വന്നേക്കുമെന്ന വിലയിരുത്തലുമുണ്ട്. പുതിയ വകുപ്പ് ചേർക്കുന്നതിൽ പ്രതിഭാഗം എതിർപ്പ് അറിയിച്ചാൽ പിന്നീട് അതിൽ അടക്കം വാദം കേട്ടതതിന് ശേഷം മാത്രമേ കേസിലേക്ക് കടക്കാനാകൂ എന്നതാണ് പ്രധാന പ്രതിസന്ധി.

2018 ജൂലൈ രണ്ടിനായിരുന്നു മഹാരാജാസ് കോളേജിൽ വെച്ച് അഭിമന്യു കൊലചെയ്യപ്പെടുന്നനത്. ക്യാമ്പസ് ഫ്രണ്ട് പ്രവർത്തകരാണ് കൊലപാതകത്തിന് പിന്നിലെന്നാണ് എസ്എഫ്‌ഐ ആരോപിക്കുന്നത്. പിന്നാലെ പല തവണ കേസ് വിവാദത്തിലായിരുന്നു. ഇതിലെ മുഖ്യ പ്രതിയായ സഹലിനെ പിടികൂടാത്തതിൽ ആദ്യം വലിയ വിവാദമുയർന്നിരുന്നു. കോടതിയുടെ കസ്റ്റഡിയിലിരിക്കെ സുപ്രധാനമായ 11 രേഖകൾ കാണാതായെന്നും വിവരം പുറത്തു വന്നിരുന്നു. എട്ട് വർഷം കേസിന്റെ വിചാരണ നീണ്ടു പോയതിലടക്കം വലിയ വിമർശനങ്ങളും ഉയർന്നിരുന്നു.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe