ശമ്പളവും പെന്‍ഷനും കൂട്ടാന്‍ വൈദ്യുതി ചാര്‍ജ് വര്‍ദ്ധിപ്പിക്കുന്നോ? കണക്ക് നിരത്തി മറുപടിയുമായി കെഎസ്ഇബി

news image
Jul 13, 2023, 2:13 pm GMT+0000 payyolionline.in

തിരുവനന്തപുരം: ഉപഭോക്താക്കളില്‍ അധികം തുക ഈടാക്കാനൊരുങ്ങുന്നെന്ന പ്രചരണം തെറ്റാണെന്ന് കെ.എസ്.ഇ.ബിയുടെ വിശദീകരണം. കഴിഞ്ഞ മൂന്ന് സാമ്പത്തിക വര്‍ഷങ്ങളില്‍ ശമ്പള, പെന്‍ഷന്‍ ഇനത്തില്‍ ചെലവഴിച്ചത് കെ.എസ്.ഇ.ബിയുടെ വരുമാനത്തിന്റെ 21, 26, 23 എന്നീ ശതമാന നിരക്കുകളിലാണെന്നും അടുത്ത 2-3 വര്‍ഷ കാലയളവില്‍ ജീവനക്കാരുടെ വലിയ തോതിലുളള  വിരമിക്കല്‍ പ്രതീക്ഷിക്കുന്നതു കൊണ്ട് ശമ്പള, പെന്‍ഷന്‍ ഇനത്തിലുളള ചെലവ് ഗണ്യമായി വര്‍ദ്ധിക്കാന്‍ സാധ്യതയില്ലെന്നും ഇതിന് ആനുപാതികമായി പെന്‍ഷന്‍ ബാധ്യതയുടെ വാല്യുവേഷന്‍ കുറയുമെന്നും വിശദീകരണത്തില്‍ പറയുന്നു.

സര്‍ക്കാര്‍ മാതൃകയില്‍ അഞ്ചു വര്‍ഷ കാലയളവിലാണ് കെഎസ്ഇബിയും  ശമ്പള പരിഷ്കരണം നടപ്പിലാക്കുന്നത്. ഇപ്രകാരം യൂണിയനുകളുമായി ഉണ്ടാക്കിയ കരാര്‍ പ്രകാരം ജൂലൈ 2018ല്‍ നല്‍കാനുളള ശമ്പള പരിഷ്കരണം നടപ്പിലാക്കിയത് 2021 ഏപ്രില്‍ 1 മുതല്‍ 2018 മുതലുള്ള മുന്‍കാല പ്രാബല്യത്തോടെയാണ്.  2018 മുതലുളള ശമ്പള കുടിശ്ശിക കഴിഞ്ഞ രണ്ട് സാമ്പത്തിക വര്‍ഷങ്ങളിലായി നാല് ഗഡുക്കളായി നല്‍കി. ജീവനക്കാര്‍ക്ക് 2021നു ശേഷം നല്‍‍കേണ്ട  ക്ഷാമബത്ത ഇതുവരെ നല്‍കിയിട്ടില്ലെന്നും വിശദീകരണത്തിലുണ്ട്.

നിലവിലുള്ള നിയമങ്ങളും ചട്ടങ്ങളും പ്രകാരം ഉപഭോക്താക്കള്‍ അടയ്‌ക്കേണ്ടുന്ന സെക്യൂരിറ്റി ഡെപ്പോസിറ്റ് മാത്രമേ ഈടാക്കുന്നുള്ളുവെന്നും വൈദ്യുത ഉപയോഗം വര്‍ദ്ധിക്കുന്ന മുറയ്ക്ക് സെക്യൂരിറ്റി ഡെപ്പോസിറ്റിലും വര്‍ദ്ധനവ് വരുന്നതാണെന്നുമാണ് വിശദീകരണം. അതുപോലെ ഇന്ധനവിലയിലുണ്ടാവുന്ന വര്‍‍ദ്ധനവ് ഇന്ധന സര്‍ചാര്‍ജ്ജായും ഈടാക്കുന്നു. ഇതിന് കെഎസ്ഇബി ജീവനക്കാരുടെ ശമ്പളമോ മറ്റു ചെലവുകളോ ആയി ബന്ധമൊന്നുമില്ല.

വിതരണ മേഖലയിലെ കോസ്റ്റ് ഡേറ്റ 2018 മെയ് മാസത്തിലാണ് ഒടുവില്‍ പരിഷ്ക്കരിച്ചത്. അഞ്ച് വര്‍ഷത്തിനുശേഷമാണ് ഇതില്‍ വര്‍ദ്ധനവ് ആവശ്യപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ അഞ്ച് വര്‍ഷമായി സാധനങ്ങളുടെ വിലനിലവാരത്തിലുണ്ടായ വര്‍‍ദ്ധനയ്ക്ക്  ആനുപാതികമായ നിരക്കിലുള്ള വര്‍ദ്ധനവാണ് ആവശ്യപ്പെടുന്നതെന്നും കെഎസ്ഇബി അവകാശപ്പെടുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe