ശബരിമല മിൽമ നെയ്യ് അഴിമതി; അതിവേഗ നീക്കവുമായി സർക്കാർ, മേൽനോട്ട ചുമതലയ്ക്ക് മൂന്ന് പേരുടെ പട്ടിക കൈമാറി

news image
Aug 5, 2026, 10:23 am GMT+0000 payyolionline.in

കൊച്ചി: ശബരിമല മിൽമ നെയ്യ് അഴിമതിയില്‍ ഹൈക്കോടതി നിര്‍ദേശത്തിന് പിന്നാലെ അതിവേഗ നീക്കവുമായി സംസ്ഥാന സർക്കാർ. എസ്.ഐ.ടി പട്ടിക ഹൈക്കോടതിയ്ക്ക് കൈമാറി. അന്വേഷണ സംഘത്തിൽ വിജിലൻസിലെ അഞ്ച് ഇൻസ്പെക്ടർമാരാണ് ഉള്ളത്. മേൽനോട്ട ചുമതലയ്ക്ക് മൂന്ന് പേരുടെ പട്ടിക കൈമാറി. എസ് പിമാരായ ജുവനപ്പുടി മഹേഷ്, എം ജെ സോജൻ, ആ‍ർ ബിനു എന്നിവരുടെ പേരുകളാണ് നൽകിയത്. എസ്.ഐ.ടി തലവൻ ആരെന്ന് ഹൈക്കോടതി തീരുമാനിക്കും. വിജിലൻസ് മേധാവി മനോജ് അബ്രഹാമാണ് പട്ടിക നൽകിയത്.

ശബരിമലയിലെ മെയിൻ സ്റ്റോറിലേക്ക് സാധന സാമഗ്രികൾ വാങ്ങിയതിൽ വൻ ക്രമക്കേടെന്നാണ് ദേവസ്വം വിജിലൻസിൻ്റെ കണ്ടെത്തൽ. 2017 മുതൽ 2020 വരെയുള്ള കാലത്ത് പത്ത് ലക്ഷത്തിലേറെ രൂപയുടെ നഷ്ടമുണ്ടായെന്നാണ് കണ്ടെത്തൽ. മെയിൻ സ്റ്റോർ സൂപ്രണ്ട് അടക്കമുള്ളവർക്ക് പങ്കുണ്ടെന്നാണ് റിപ്പോർട്ട്. നെയ്ക്രമക്കേടിന് പിന്നാലെയാണ് തട്ടിപ്പിൻ്റെ മറ്റ് വിവരങ്ങൾ കൂടി പുറത്തുവരുന്നത്. മെയിൻ സ്റ്റോറിലേക്ക് ആവശ്യമായതിൻ്റെ അഞ്ചിരട്ടിയിലേറെ സാധനങ്ങൾ വാങ്ങിയെന്നാണ് കണ്ടെത്തൽ. അഭിഷേകത്തിൻ്റെ മറവിലാണ് വാങ്ങിക്കൂട്ടൽ 2017-20 കാലത്തെ മെയിൻ സ്റ്റോർ സൂപ്രണ്ടായിരുന്ന എസ് മനുവിനെ കുറിച്ചുള്ള പരാതിയിലെ അന്വേഷണത്തിലാണ് കണ്ടെത്തൽ.

വർഷങ്ങളായി മെയിൻ സ്റ്റോറിൽ മാറ്റമില്ലാതെ ജോലി ചെയ്യുന്ന ജീവനക്കാർക്കും പങ്കുണ്ട്. സാധനങ്ങൾ വ്യാജമായി വാങ്ങിക്കൂട്ടിയതിൽ വിതരണക്കാർക്കും ഇടപാടിൽ പങ്കുണ്ട്. 2020ലെ മിന്നൽ പരിശോധനകളിൽ തേനും അരവണയ്ക്കുള്ള സാമഗ്രികളും കൂടുതലായി കണ്ടെത്തി. ബാക്കി വന്ന അരവണ സാമഗ്രികൾ എന്ത് ചെയ്തു എന്നതിനെക്കുറിച്ച് ഒരറിവുമില്ല. അരവണ പാക്കിംഗ് സാധനങ്ങളിൽ കൂടുതൽ ഡാമേജ് കാണിച്ചു. വിതരണ കരാർ എടുത്ത സ്ഥാപനങ്ങൾക്കും പങ്കുണ്ടാകാൻ സാധ്യതയുണ്ട്. പർച്ചേസിൽ സ്പെഷ്യൽ ഓഡിറ്റ് വേണമെന്നും ദേവസ്വം ഓംബ്ഡുസ്മാന് നൽകിയ റിപ്പോർട്ടിൽ ശുപാർശയുണ്ട്. സമഗ്രമായ അന്വേഷണത്തിനാണ് നിർദ്ദേശം. നെയ്യ് ഇടപാടിന് വിവരത്തിന് പിന്നാലെയാണ് ഈ റിപ്പോർട്ടും പുറത്തുവരുന്നത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe