മലപ്പുറം: പാണക്കാട് മണ്ണിടിച്ചിൽ ഉണ്ടാകുന്നതിന് ദിവസങ്ങൾക്ക് മുമ്പും തൊട്ടടുത്ത് പാറ പൊട്ടിക്കൽ നടന്നതായി വിവരം. 200 മീറ്റർ അകലെ പെട്രോൾ പമ്പിന്റെ നിർമ്മാണം നടക്കുന്ന മേഖലയിലാണ് അനധികൃതമായി ഇലക്ട്രിക്കൽ ബ്ലാസ്റ്റിങ് നടത്തിയത്. മുമ്പും ഇവിടെ സമാന പ്രവർത്തി തുടർന്നപ്പോൾ നാട്ടുകാർ തടഞ്ഞിരുന്നു. ഉഗ്ര ശബ്ദത്തോടെ പാറ പൊട്ടിച്ചപ്പോൾ സമീപത്തെ വീടുകളിൽ പ്രതിഫലനം ഉണ്ടായിരുന്നു എന്നും പ്രദേശവാസികൾ പറയുന്നു. ക്വാറിയിൽ പാറ പൊട്ടിക്കുന്നത് പോലെയാണ് ഇവിടെ പൊട്ടിച്ചതെന്നാണ് റിപ്പോർട്ട്. ജനവാസ മേഖലയിൽ ഇലക്ട്രിക്കൽ ബ്ലാസ്റ്റിങ് നടത്തുന്നത് തീർത്തും അനധികൃതമാണ് എന്നിരിക്കെയാണ് നടപടി. അധികൃതരുടെ അനുവാദത്തോടെയാണ് പാറ പൊട്ടിച്ചതെന്ന ആരോപണം ശക്തമാണ്. പാറ പൊട്ടിക്കലിന് പിന്നാലെയാണ് ഏടായിപ്പാലത്ത് മണ്ണിടിച്ചിൽ ഭീഷണി ആരംഭിച്ചതെന്നാണ് ആരോപണം.
പൊതുമരാമത്ത് വകുപ്പ് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിയുടെ വീടിന് 100 മീറ്റർ മാത്രം അകലത്തിലാണ് അനധികൃത പ്രവർത്തനം നടന്നിരിക്കുന്നത്. മലപ്പുറം സ്വദേശിയായ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള ഭൂമിയിലാണ് പാറപൊട്ടിക്കൽ. പരിസ്ഥിതി ദുർബല മേഖലയിലാണ് ക്വാറിക്ക് സമാനമായി ഇലക്ട്രീക് ബ്ലാസ്റ്റിങ് നടന്നത്. ഇതിന് എങ്ങനെ അധികൃതരുടെ അനുമതി ലഭിച്ചു എന്നതാണ് ഉയരുന്ന വിമർശനം. പാറയുടെ ഒരുഭാഗം പൂർണമായും തുരന്നെടുത്ത നിലയിലാണ്. പൊട്ടിച്ചെടുത്ത പാറയും ഇതിനുപയോഗിച്ച യന്ത്രങ്ങളും അടക്കം ഇപ്പോഴും പ്രദേശത്ത് തന്നെയാണുള്ളത്. വീടുകളിൽ പ്രകമ്പനം ഉണ്ടായതോടെ പ്രദേശ വാസികൾ അവിടെ എത്തി പ്രതിഷേധിച്ചതിനെ തുടർന്നാണ് പ്രവർത്തികൾ നിർത്തിവെച്ചത്.
പാണക്കാട് കുടുബത്തിന്റെ കൈവശമുണ്ടായിരുന്ന 13 ഏക്കർ ഭൂമി 2018ലാണ് കോഴിക്കോട് കുറ്റ്യാടി സ്വദേശിയായ ഒരു വ്യക്തിക്ക് വിൽക്കുന്നത്. തുടർന്ന് ഇയാൾ പ്ലോട്ടുകളായി തിരിച്ച് ഈ ഭൂമി വിൽപ്പന നടത്തി. ഇതിൽ നിന്നാണ് ഇപ്പോൾ മണ്ണിച്ചിൽ ഉണ്ടായ 50സെന്റ് പ്രദേശം നൗഫൽ, സലീം എന്നീ വ്യക്തികൾ വാങ്ങിയത്. പാറപൊട്ടിക്കൽ നടന്ന മേഖല പെട്രോൾ പമ്പിന്റെ നിർമാണത്തിനായി മലപ്പുറം സ്വദേശിയും വാങ്ങി. തിങ്കളാഴ്ചയാണ് മലപ്പുറം-പാണക്കാട് റോഡിൽ മണ്ണിടിച്ചിൽ ഉണ്ടായത്. രാവിലെ 8:46നാണ് ആദ്യ മണ്ണിടിച്ചിൽ ഉണ്ടായത്, തൊട്ട് പിന്നാലെ 9:28ന് അതിഭീഗര മണ്ണിടിച്ചിൽ ഉണ്ടായി. ഇലക്ട്രിക്കൽ ബ്ലാസ്റ്റിങ് ഇതിന് കാരണമായിട്ടുണ്ടോ എന്നത് അടക്കം ഇനി കണ്ടെത്തേണ്ടതുണ്ട്. അധികൃതരുടെ അറിവോടെയാണ് ഈ പ്രവർത്തി നടന്നത് എന്നതാണ് നാട്ടുകാരുടെ പരാതി.
