ന്യൂഡൽഹി: പ്ലസ് ടു സീറ്റ് വർധനക്കായി സമരം ചെയ്ത പ്രവർത്തകരെ അറസ്റ്റ് ചെയ്ത് കൈയാമം വെച്ച നടപടിക്കെതിരെ എം.എസ്.എഫ് ദേശീയ കമ്മിറ്റി ദേശീയ മനുഷ്യാവകാശ കമീഷനിൽ പരാതി നൽകി.
മാർക്ക് ലിസ്റ്റ് തട്ടിപ്പിൽ പ്രതികളായ എസ്.എഫ്.ഐ നേതാക്കളെ വി.ഐ.പി പരിഗണനയോടെ കൊണ്ടുപോകുമ്പോഴാണ് ന്യായമായ ആവശ്യങ്ങളുമായി ജനാധിപത്യ രീതിയിൽ സമരം ചെയ്ത എം.എസ്.എഫ് പ്രവർത്തകരെ കൈയാമം വെച്ച് പൊലീസ് നേരിട്ടത്. ഈ മനുഷ്യാവകാശ ലംഘനത്തിനെതിരെ ശക്തമായ നിയമ നടപടികളുമായി മുന്നോട്ടു പോകുമെന്ന് ദേശീയ പ്രസിഡന്റ് പി.വി അഹമ്മദ് സാജു, ജനറൽ സെക്രട്ടറി എസ്.എച്ച് മുഹമ്മദ് അർഷാദ് എന്നിവർ അറിയിച്ചു. വിഷയത്തിൽ ഇടപെടണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി, വിദ്യാഭ്യാസ മന്ത്രി എന്നിവർക്കും പരാതി നൽകി.