വടകര: വടകര റെയിൽവേ സ്റ്റേഷനിൽ പ്രവർത്തിച്ചു വരുന്ന വടകര ആർഎംഎസ് ഓഫീസ് ഒഴിപ്പിക്കാനൊരുങ്ങി റെയിൽവേ. ‘അമൃത ഭാരത്’ പദ്ധതി പ്രകാരം നവീകരണം നടക്കുന്നതിനാൽ റെയിൽവേയുടെ സ്ഥലത്തുള്ള ആർഎംഎസ് ഓഫീസ് ഒഴിയെണമെന്ന ആവശ്യവുമായി റെയിൽവേ മുന്നോട്ട് വന്നത്. എന്നാൽ പകരം സ്ഥലത്തിന് റെയിൽവേ ഡിവിഷനൽ എൻജിനീയറെ സമീപിക്കണം എന്നായിരുന്നു നിർദ്ദേശം. ഇതോടെ ആർഎംഎസ് വിഭാഗം പകരം സ്ഥലത്തിനാവശ്യപ്പെട്ട്കത്തയച്ചെങ്കിലും റെയിൽവേ ഇത് നിരാകരിച്ചു.
അമൃത് ഭാരത് പദ്ധതി പ്രകാരം വലിയ വികസനം നടക്കുന്ന വടകര സ്റ്റേഷനിലെ കണ്ണായ സ്ഥലത്താണ് ആർ എം എസ് ഓഫീസ് ഉടനെ ഒഴിയണമെന്നുമാണ് പുതിയ നിർദ്ദേശം. ഓഫീസ് മാറ്റി സ്ഥാപിക്കാൻ യോജിച്ച കെട്ടിടം റെയിൽവേ സ്റ്റേഷനിൽ ഇല്ല. ഒരു കോടിയോളം രൂപ തപാൽ വകുപ്പ് സ്ഥലത്തിന്റെ വാടകയിനത്തിൽ റെയിൽവേയ്ക്ക് നൽകാൻ ഉണ്ട്. ഈ സാഹചര്യത്തിൽ പുതിയ സ്ഥലം അനുവദിക്കാനും സാധ്യതയില്ല. ഒക്ടോബറിൽ അമൃത് ഭാരത് പദ്ധതികളുടെ ഉദ്ഘാടനം നടക്കും. അതിനു മുൻപേ നിലവിലുള്ള ഓഫീസ് ഒഴിയണം. പകരം ഓഫീസ് കെട്ടിടം പണിയാൻ റെയിൽവേ സ്റ്റേഷൻ പരിസരത്ത് യോജിച്ച സ്ഥല ഉണ്ടെന്നിരിക്കെ അതോ അനുവദിച്ചു കിട്ടാത്തത് ആർ എം എസ് ഓഫീസിന് മരണമണി മുഴക്കുമെന്ന ആശങ്ക ശക്തമാണ്. കെട്ടിട പ്രശ്നത്തിന്റെ പേരിൽ തപാൽ വകുപ്പ് വടകര ആർഎംഎസ് ഓഫീസ് പൂട്ടാൻ തീരുമാനിച്ചാൽ അത് വടകര, മാഹി, പേരാമ്പ്ര, മേഖലകളിലെ തപാൽ നീക്കത്തിന് തിരിച്ചടിയാകും. ഇതിനിടവരുത്താതിരിക്കാൻ ശക്തമായ ഇടപെടൽ എംപി, എംഎൽഎമാർ എന്നിവരുടെ ഭാഗത്ത് നിന്നും ഉണ്ടാകണമെന്ന ആവശ്യം ശക്തമാകുന്നുണ്ട്.