പയ്യോളി: പയ്യോളി നഗരസഭയിലെ വിവിധ പ്രദേശങ്ങളിൽ അർജന്റീന, ബ്രസീൽ ഫാൻസ് അസോസിയേഷനുകൾ സ്ഥാപിച്ച വലിയ ബോർഡുകളിൽ ലഹരി ഉപയോഗത്തെ പ്രോത്സാഹിപ്പിക്കുന്ന രീതിയിൽ ചുരുട്ടു വലിക്കുന്ന ചിത്രങ്ങൾ ഉൾപ്പെടുത്തിയത് അധികൃതരുടെ നടപടിക്ക് കാരണമായി. ഈ ചിത്രങ്ങൾ ഉടനടി മറയ്ക്കുകയോ ഫ്ലക്സ് ബോർഡുകൾ നീക്കം ചെയ്യുകയോ വേണമെന്ന് നഗരസഭ ആരോഗ്യവിഭാഗം ഫാൻസ് ക്ലബ് അംഗങ്ങൾക്ക് കർശന നിർദ്ദേശം നൽകി. നിർദ്ദേശം ലംഘിക്കുന്നവർക്കെതിരെ കേന്ദ്ര പുകയില നിയന്ത്രണ നിയമപ്രകാരം (COTPA) കർശനമായ നിയമനടപടികൾ സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു.

അതേസമയം, നഗരസഭയുടെ പരിധിയി കേന്ദ്ര പുകയില നിയന്ത്രണ നിയമം പാലിക്കാതെ പ്രവർത്തിച്ച വിവിധ സ്ഥാപനങ്ങളിൽ ആരോഗ്യവിഭാഗം മിന്നൽ പരിശോധന നടത്തി. നിയമലംഘനം കണ്ടെത്തിയ സ്ഥാപനങ്ങളിൽ നിന്നായി 3200 രൂപ പിഴ ഈടാക്കി. പയ്യോളി നഗരസഭ ഹെൽത്ത് ഇൻസ്പെക്ടർ കെ. ജയരാജിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.

