മേപ്പയില്‍ സംസ്‌കൃതം സ്‌കൂളിനും പുതിയ കെട്ടിടം ; കിഫ്ബി വഴി സംസ്ഥാനത്ത് നടപ്പിലാക്കിയത്. 80,000 കോടിയുടെ വികസനം – മുഖ്യമന്ത്രി പിണറായി വിജയന്‍

news image
May 23, 2023, 5:47 pm GMT+0000 payyolionline.in

വടകര: കഴിഞ്ഞ ഏഴ് വര്‍ഷത്തിനിടെ 80,000 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ കിഫ്ബി വഴി സംസ്ഥാനത്ത് നടപ്പിലാക്കിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍. കിഫ്ബി ഫണ്ടുപയോഗിച്ച് വടകര മേപ്പയില്‍ ഗവ.സംസ്‌കൃതം ഹയര്‍ സെക്കൻഡറി സ്‌കൂളില്‍ നിര്‍മ്മിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം ഓണ്‍ലൈനായി നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസ മേഖലയില്‍ വിനിയോഗിച്ച 3800 കോടി രൂപയില്‍ 2300 കോടി രൂപ കിഫ്ബി മുഖേനയാണ് ലഭ്യമാക്കിയത്. 1500 കോടി രൂപ പ്ലാന്‍ ഫണ്ട് വഴി ലഭ്യമാക്കി.

2300 സ്‌കൂളുകള്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിച്ചത്. ദേശീയപാത വികസനത്തിനായി സ്ഥലമെടുപ്പിന് 5,500 കോടി രൂപയാണ് കിഫ്ബി വഴി ലഭ്യമാക്കിയതെന്നും മുഖ്യമന്ത്രി പറഞ്ഞു. വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി ഓണ്‍ലൈനായി അധ്യക്ഷത വഹിച്ചു. സ്‌കൂളില്‍ നടന്ന ഉദ്ഘാടന ചടങ്ങില്‍ കെ.കെ രമ എംഎല്‍എ മുഖ്യാതിഥിയായി. കേരളത്തില്‍ പൊതുവിദ്യാലയങ്ങൾ എല്ലാ തലത്തിലും മുന്നേറിക്കൊണ്ടിരിക്കുകയാണെന്ന് അവര്‍ പറഞ്ഞു. പ്രിന്‍സിപ്പല്‍ കെ ബേബി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഒരു കോടി രൂപ ചെലവഴിച്ചാണ് പുതിയ കെട്ടിടം നിര്‍മ്മിച്ചത്.

നേരത്തെ പ്രവൃത്തിച്ചിരുന്ന കെട്ടിടത്തോട് ചേര്‍ന്നാണ് പുതിയ കെട്ടിടവും. പുതിയ അധ്യയന വര്‍ഷം മുതല്‍ ഹൈസ്‌ക്കൂള്‍ വിഭാഗത്തിലെ പത്ത് ക്ലാസ് മുറികളാണ് കെട്ടിടത്തില്‍ ആരംഭിക്കുക. കഴിഞ്ഞ വര്‍ഷമായിരുന്നു കിഫ്ബിയില്‍ ഉള്‍പ്പെടുത്തി കെട്ടിടത്തിന്റെ നിര്‍മ്മാണം ആരംഭിച്ചത്. ചടങ്ങില്‍ വടകര നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ.പി ബിന്ദു, നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി അംഗം സിന്ധുപ്രേമന്‍, കൗണ്‍സിലര്‍മാരായ പി.പി ലീബ, കെ.എം സജിഷ, അജിത ചീരാംവീട്ടില്‍, അഫ്സൽ, പിടിഎ പ്രസിഡന്റ് സത്യനാരായണന്‍, സ്‌കൂള്‍ വികസന സമിതി ചെയര്‍മാന്‍ കെ അജയകുമാര്‍, ഡിഡിഇ സി. മനോജ്കുമാര്‍, വടകര ഡിഇഒ ഹെലന്‍ ഹൈസന്ത് മെന്റോണ്‍സ്, വടകര എഇഒ ബഷീര്‍, വടകര ബിപിസി വിനോദ്, ഉമേശന്‍ മാസ്റ്റര്‍, ഇ.ടി.കെ രാഘവന്‍, ഇ.എം ബാബു, ഒ.പി നിഖില്‍ എന്നിവര്‍ സംസാരിച്ചു. വടകര നഗരസഭ വൈസ് ചെയര്‍മാന്‍ പി സജീവ്കുമാര്‍ സ്വാഗതവും പ്രധാനധ്യാപിക കെ.ടി റീന നന്ദിയും പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe