തിരുവനന്തപുരം: പത്രസ്വാതന്ത്ര്യം എന്നത് ഗൂഢാലോചന നടത്തലല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ആർഷോയുടെ പരാതി അന്വേഷിക്കും. അതിൽ ആർക്കും പൊള്ളേണ്ടതില്ലെന്നും ഗൂഢാലോചനക്കാരെ പുറത്ത് കൊണ്ടു വരുമെന്നും ഗോവിന്ദൻ പറഞ്ഞു. കെഎസ്‌യു ഉയര്‍ത്തിയ ആരോപണം തത്സമയം റിപ്പോര്‍ട്ട് ചെയ്ത ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ടര്‍ അഖിലാ നന്ദകുമാറിനെതിരെ കേസെടുത്ത നടപടിയെ വീണ്ടും ന്യായീകരിച്ച് രംഗത്തെത്തിയിരിക്കുകയാണ് എംവി ഗോവിന്ദൻ. കണ്ണൂരിൽ വെച്ചാണ് സിപിഎം സംസ്ഥാന സെക്രട്ടറിയുടെ പ്രതികരണം.
സര്‍ക്കാര്‍ എസ്എഫ്ഐ വിരുദ്ധ പ്രചാരണം നടത്തിയാൽ ഇനിയും കേസെടുക്കുമെന്നായിരുന്നു സംഭവത്തെക്കുറിച്ചുള്ള എംവി ഗോവിന്ദന്റെ ആദ്യപ്രതികരണം. മാധ്യമങ്ങളെയാകെ കുറ്റപ്പെടുത്തിയ സിപിഎം സംസ്ഥാന സെക്രട്ടറി, സര്‍ക്കാരിന്റെ മാധ്യമപ്രവര്‍ത്തകക്കെതിരായ നീക്കത്തെ കേന്ദ്രത്തിന്റെ മാധ്യമവേട്ടയുമായി താരതമ്യം ചെയ്യേണ്ടതില്ലെന്നും പറഞ്ഞു.
റിപ്പോര്‍ട്ടറെല്ലാം ഗൂഢാലോചനയുടെ ഭാഗമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി മാധ്യമങ്ങൾക്ക് മുന്നിൽ ആരോപിച്ചു.”അന്വേഷണത്തിന്റെ ഭാഗമായി തെറ്റ് ചെയ്തെന്ന് കണ്ടെത്തിയാൽ, അത് ആരെയായാലും അവർക്കെതിരെ കേസെടുക്കണം. ഗൂഢാലോചനയിൽ പങ്കെടുത്ത എല്ലാവരെയും കേസിന്റെ ഭാഗമായി കൈകാര്യം ചെയ്യണം. ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ടും ഗൂഢാലോചനയുടെ ഭാഗമാണ്. ഗൂഢാലോചനയിൽ പങ്കാളികളായ എല്ലാവരെയും പുറത്ത് കൊണ്ടുവരണം. ഈ കേസ് വ്യത്യസ്തമാണ്. മാധ്യമത്തിന്റെ പേരും പറഞ്ഞ് കേസിൽ നിന്ന് ഒഴിവാകാൻ കഴിയില്ല”. ഇനിയും കേസെടുക്കും നേരത്തെയും കേസെടുത്തിട്ടുണ്ടെന്നും എംവി ഗോവിന്ദൻ പറഞ്ഞു.
കഴിഞ്ഞ ജൂൺ ആറിനാണ് മഹാരാജാസ് കോളേജിൽ വ്യാജരേഖാ കേസിലെ കെഎസ്‌യു പ്രതിഷേധം റിപ്പോർട്ട് ചെയ്യാൻ അഖില പോയത്. ആ സമയത്ത് കെഎസ്‌യു പ്രവർത്തകർ പ്രിൻസിപ്പലുമായി സംസാരിക്കുന്ന മുറിയിലേക്ക് അഖില പ്രവേശിക്കുകയും ഇവിടെ വെച്ച് പ്രിൻസിപ്പലിന്റെയും കെഎസ്‌യു പ്രവർത്തകരുടെയും തത്സമയ പ്രതികരണം അഖില തേടുകയും ഉണ്ടായി. ഈ ഘട്ടത്തിൽ കെഎസ്‌യു യൂണിറ്റ് പ്രസിഡന്റ് ഉന്നയിച്ച പി എം ആർഷോക്കെതിരായ മാർക്ക് ലിസ്റ്റ് ആരോപണം, രാഷ്ട്രീയ ആരോപണമെന്ന നിലയിലാണ് അഖില റിപ്പോർട്ട് ചെയ്തത്. ഈ സംഭവത്തിലാണ് അഖിലയെ അഞ്ചാം പ്രതിയാക്കി പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.