പാർട്ടി ആഗ്രഹിക്കുന്നത് സമാധാനപരമായ അന്തരീക്ഷം, പി ജയരാജന്റെ മോർച്ചറി പ്രയോഗം തള്ളി എം വി ഗോവിന്ദൻ

news image
Jul 29, 2023, 1:03 pm GMT+0000 payyolionline.in

കണ്ണൂർ : പി ജയരാജന്റെ മോർച്ചറി പ്രയോഗം തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. പ്രകോപനപരമായ നിലപാടിനെ സിപിഎം അംഗീകരിക്കുന്നില്ലെന്നും സമാധാനപരമായ അന്തരീക്ഷമാണ് പാർട്ടി ആഗ്രഹിക്കുന്നതെന്നും എംവി ഗോവിന്ദൻ വ്യക്തമാക്കി. ഇങ്ങോട്ട് ഏതെങ്കിലും രീതിയിലുളള കടന്നാക്രമണം ആരെങ്കിലും നടത്തിയാലും അങ്ങോട്ട് അതേ രീതിയിൽ പ്രതികരിക്കേണ്ടെന്നാണ് സിപിഎം നിലപാടെന്നും, പ്രകോപനം ഉണ്ടാക്കി മനപ്പൂർവം സംഘർഷം ഉണ്ടാക്കാൻ ഗൂഢാലോചന നടന്നോയെന്ന് പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സ്പീക്കർ എ എൻ ഷംസീറിന്‍റെ വിവാദ പ്രസംഗത്തെ ചൊല്ലിയാണ് പി. ജയരാജനും ബിജെപിയും കഴിഞ്ഞ ദിവസം നേർക്കുനേര്‍ വാക്ക്പോര് നടത്തിയത്. ഈ മാസം ഇരുപത്തിയൊന്നിന് കുന്നത്തുനാട് വെച്ച് ഷംസീർ നടത്തിയ പ്രസംഗമാണ് കൊലവിളികൾക്ക് ആധാരം. പ്രസംഗത്തിൽ ഹൈന്ദവ വിശ്വാസത്തെ സ്പീക്കർ അവഹേളിച്ചെന്നാരോപിച്ച് സംഘപരിവാർ സംഘടനകൾ പ്രതിഷേധിച്ചു. തലശ്ശേരി എംഎൽഎ ഓഫീസിലേക്ക് നടത്തിയ മാർച്ചിനിടെ യുവമോർച്ച ജന.സെക്രട്ടറി കെ.ഗണേഷ് കൈവെട്ടൽ സംഭവുമായി ചേർത്ത് ഷംസീറിനെതിരെ ഭീഷണി മുഴക്കി. ഷംസീറിന് കൈവെട്ട് കേസിലെ ജോസഫ് മാഷിന്റെ ഗതി വരുമെന്നായിരുന്നു യുവമോർച്ച നേതാവ് ഗണേഷിന്റെ പ്രകോപന പ്രസംഗം. മതം പറഞ്ഞുളള വിവാദ പ്രയോഗങ്ങൾ വേറെയുമുണ്ടായി.

പിന്നാലെ, ഷംസീറിനെതിരെ കൈയോങ്ങിയാൽ യുവമോർച്ചക്കാരുടെ സ്ഥാനം മോർച്ചറിയിലായിരിക്കുമെന്ന് പി ജയരാജൻ ഭീഷണി മുഴക്കി. പിന്നാലെ പരസ്യ കൊലവിളി നടത്തിയ ജയരാജനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് ബിജെപി നേതാക്കൾ രംഗത്തെത്തി. ജയരാജനെതിരെ നടപടിയാവശ്യപ്പെട്ട് യുവമോർച്ച കണ്ണൂർ എസ്പിക്ക് പരാതിയും നൽകി. എന്നാൽ, പ്രകോപനപരമായ നിലപാടിനെ സിപിഎം അംഗീകരിക്കുന്നില്ലെന്നും സമാധാനപരമായ അന്തരീക്ഷമാണ് പാർട്ടി ആഗ്രഹിക്കുന്നതെന്നുമാണ് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ വിശദീകരിക്കുന്നത്. ഫലത്തിൽ പി ജയരാജനെ എം വി ഗോവിന്ദൻ തള്ളുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe