കൊയിലാണ്ടി: വിദ്യാർത്ഥികൾക്ക് തണലേകി വിരാജിക്കുകയാണ് ഗവ: വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിലെ അത്തിമരം.സ്കൂളുകളിൽ നടന്ന പരിസ്ഥിതി പ്രവർത്തനത്തിന്റെ ഭാഗമായി നട്ടുവളർത്തിയതാണിത്. ചപ്പ് ചവറും ബിൽഡിംഗ് വസ്തുക്കളും ചുറ്റു പാടും കൂട്ടിയിട്ട് ആവശ്യമായ പരിരക്ഷ കിട്ടാതായതോടെ ശുഷ്കിച്ച അവസ്ഥയിലായിരുന്നു അത്തിമരം. 2016-ലെ തിരഞ്ഞെടപ്പ് ഡ്യൂട്ടിയ്ക്കെത്തിയ അന്നത്തെ തഹസിൽ ദാർ പി.പ്രേമൻ മുൻകയ്യടുത്ത് ചപ്പ് ചവറുകൾ നീക്കം ചെയ്ത് അത്തിമരത്തിന് തറ കെട്ടി സംരക്ഷണ മൊരുക്കി. മനോഹരമായ ടൈൽ വിരിച്ച് ആളുകൾക്ക് ഇരിപ്പിടമായി മാറ്റി.
അഞ്ച് വർഷം കഴിഞ്ഞപ്പോഴേക്കും അത്തി പടർന്ന് പന്തലിച്ച മട്ടിലായി. ക്ളാസ്മുറിയിൽ നിന്ന് പഠനം അത്തിമരചോട്ടിലേക്ക് മാറ്റി. സംരക്ഷണ ചുമതല സ്കൂളിലെ പരിസ്ഥിതി ക്ലബ്ബിനായിരുന്നു. മരം വളർന്ന് വലുതായതോടെ തറയ്ക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. പുതിയ തറ കെട്ടി അത്തിമരം സംരക്ഷിക്കണമെന്നാണ് റിട്ടയർ ചെയ്ത തഹസിൽദാർ പി.പ്രേമൻ ആവശ്യപ്പെടുന്നത്. സ്കൂളിൽ വിവിധ ആവശ്യത്തിനായി എത്തുന്നവർക്ക് തണലേകുന്നതാണ് അത്തിമരം.