പയ്യോളി: പയ്യോളി മൊണ്ടാഷ് ഫിലിം സൊസൈറ്റിയുടെ വാർഷിക ജനറൽ ബോഡി യോഗവും ചലച്ചിത്ര പ്രതിഭകളെ ആദരിക്കൽ ചടങ്ങും കണ്ണംവള്ളി ഹാളിൽ വെച്ച് നടന്നു. സൊസൈറ്റിയുടെ പുതിയ ഭാരവാഹികളായി എം.കെ. രാജേന്ദ്രൻ (പ്രസിഡന്റ്), സുനിൽ കെ. (വൈസ് പ്രസിഡന്റ്), ഫൈസൽ കെ.കെ. (സെക്രട്ടറി), സിദ്ധിഖ് എസ്.എം. (ജോയിന്റ് സെക്രട്ടറി), സുരേഷ് സി. (ട്രഷറർ) എന്നിവരെ ജനറൽ ബോഡി യോഗം തിരഞ്ഞെടുത്തു.

തുടർന്ന് നടന്ന ചലച്ചിത്ര പ്രതിഭകളെ ആദരിക്കൽ ചടങ്ങ് പയ്യോളി നഗരസഭ ചെയർപേഴ്സൺ എൻ. സാഹിറ ഉദ്ഘാടനം ചെയ്തു. ചലച്ചിത്ര രംഗത്ത് മികവ് തെളിയിച്ച പ്രതിഭകളായ വിനീഷ് വാസു, ദേവാംഗന രാജീവ്, ദിലീപ് കിഴൂർ, അഭിമൽ ദിനേശ്, മുഹമ്മദ് എന്നിവർ ചടങ്ങിൽ നഗരസഭ ചെയർപേഴ്സണിൽ നിന്നും ആദരവ് ഏറ്റുവാങ്ങി.
പരിപാടിയുടെ ഭാഗമായി ‘ഒരു വിശുദ്ധ താരാട്ട്’, ‘കഴ്ത’, ‘കറമൂസ കറേള്ള കഥ’ എന്നീ ഹ്രസ്വചിത്രങ്ങളുടെ പ്രദർശനവും ചലച്ചിത്രകാരന്മാരുമായുള്ള മുഖാമുഖവും സംഘടിപ്പിച്ചു.

