തൃശൂർ ചേലക്കരയിൽ കാട്ടാനയെ കുഴിച്ചിട്ട സംഭവം; കൂടുതൽ പേരെ പ്രതി ചേർക്കാനുള്ള നീക്കത്തിൽ വനംവകുപ്പ്

news image
Jul 15, 2023, 11:18 am GMT+0000 payyolionline.in

തൃശ്ശൂർ : തൃശ്ശൂർ ചേലക്കരയിൽ ഒരു കൊമ്പു മുറിച്ചു മാറ്റിയശേഷം കാട്ടാനയെ കുഴിച്ചിട്ട സംഭവത്തിൽ കൂടുതൽ പേരെ പ്രതി ചേർക്കാൻ വനംവകുപ്പ് നീക്കം. കേസിൽ പത്തു പേരെ പ്രതിചേർക്കാനാണ് തീരുമാനം. കോടനാട് നിന്ന് പിടിച്ചെടുത്ത ആനക്കൊമ്പ് ഈ ആനയുടേതാണെന്ന് സ്ഥിരീകരിക്കാൻ സാമ്പിൾ ഡിഎൻഎ പരിശോധനയ്ക്ക് അയച്ചു. അതേസമയം സംഭവത്തിൽ വനമന്ത്രി അടിയന്തര റിപ്പോർട്ട് തേടിയിരിക്കുകയാണ്.

ചേലക്കരയിലെ കാട്ടാന വേട്ടയിൽ റോയിക്ക് പ്രാദേശിക സഹായം ഉൾപ്പെടെ ലഭിച്ച സാഹചര്യത്തിലാണ് പ്രദേശവാസികളായ രണ്ടുപേരെ കൂടി ഉൾപ്പെടുത്തി പട്ടിക വിപുലീകരിക്കാൻ അന്വേഷണസംഘം നീക്കം തുടങ്ങിയത്. ആനക്കൊമ്പുമായി പിടിയിലായ അഖിലിനെ ചോദ്യം ചെയ്തതിൽ കാര്യസ്ഥന്റെ ഇടപെടൽ ഉൾപ്പെടെ അഖിൽ വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് സ്ഥലം ഉടമയായ റോയിക്ക് പുറമെ കാര്യസ്ഥൻ ടെസി വർഗീസ്, ജിന്റോ, കുമളി സ്വദേശി സെബി, പട്ടിമറ്റം സ്വദേശികളായ അഖിൽ മോഹൻ , അനീഷ് പി എ ആലപ്പുഴ സ്വദേശി ശ്യാംലാൽ, മാവേലിക്കര സ്വദേശി അനീഷ് കുമാർ വി ആർ എന്നിവരെ ഉൾപ്പെടെ കേസിൽ പ്രതി ചേർക്കുന്നത്.

സംഭവത്തിൽ വനമന്ത്രി എ കെ ശശീന്ദ്രൻ അടിയന്തിര റിപ്പോർട്ട്‌ ആവശ്യപ്പെട്ടു. ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഉടൻ റിപ്പോർട്ട്‌ നൽകണം. വനം ഉദ്യോഗസ്ഥരുടെ വീഴ്ച ഉൾപ്പടെ സർക്കാർ അന്വേഷിക്കുമെന്നും വനംമന്ത്രി വ്യക്തമാക്കി.

കോടനാട് നിന്ന് പിടിച്ചെടുത്ത ആനക്കൊമ്പ് ഈ ആനയുടേത് തന്നെയാണോ എന്ന് ശാസ്ത്രീയമായി സ്ഥിരീകരിക്കാൻ ഡിഎൻഎ പരിശോധനയ്ക്ക് സാമ്പിളുകൾ അയച്ചു. ആന വൈദ്യുതാഘാതം ഏറ്റാണ് ചരിഞ്ഞത് എന്നുള്ളതിന്റെ തെളിവുകൾ ഇന്നലെ തന്നെ അന്വേഷണസംഘത്തിന് ലഭിച്ചുവെങ്കിലും മറ്റു സാധ്യതകളും തള്ളുന്നില്ല. ആനയ്ക്ക് വിഷം നൽകിയിരുന്നോ എന്ന് കണ്ടെത്തുന്നതിനായി മണ്ണിന്റെ സാമ്പിളുകളും പരിശോധനയ്ക്ക് അയച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe