കോഴിക്കോട് നഗരത്തിൽ വൻ ലഹരിമരുന്ന് വേട്ട; യുവാവ് അറസ്റ്റിൽ

news image
Mar 30, 2023, 2:42 am GMT+0000 payyolionline.in

കോഴിക്കോട് ∙  കോഴിക്കോട് നഗരത്തിൽ വൻ ലഹരിമരുന്ന് വേട്ട. 360 ഗ്രാം ഹാഷിഷ് ഓയിലുമായി യുവാവ് പിടിയിലായി. ലഹരിമരുന്ന് വ്യാപാരിയായ നല്ലളം സ്വദേശി ലബൈക്ക് വീട്ടിൽ ജെയ്സൽ ആണ് അറസ്റ്റിലായത്. ചോദ്യം ചെയ്യലിൽ പ്രതി ലഹരിപദാർഥങ്ങൾ വീട്ടിൽ സൂക്ഷിച്ചിട്ടുള്ളതായി സമ്മതിച്ചു. തുടർന്നു നടത്തിയ പരിശോധനയിൽ 10 ലക്ഷം രൂപയോളം വിലവരുന്ന 256 ഗ്രാം എംഡിഎംഎയും  20 ലക്ഷം രൂപയോളം വിലവരുന്ന 434 ഗ്രാം ഹാഷിഷ് ഓയിലും കൂടി കണ്ടെത്തി.

സ്കൂൾ വിദ്യാർഥികളെ ലക്ഷ്യംവച്ച് സിന്തറ്റിക് – സെമി സിന്തറ്റിക് ലഹരിമരുന്നുകൾ വിൽപന നടത്തിയിരുന്ന ജെയ്സൽ ആദ്യമായാണ് പൊലീസിന്റെ പിടിയിലാകുന്നത്. ആന്ധ്രപ്രദേശ്, മണാലി, വിശാഖപട്ടണം, ബെംഗളൂരു എന്നിവിടങ്ങളിൽ നിന്ന് കുറഞ്ഞ വിലയ്ക്ക് ലഹരിപദാർഥങ്ങൾ വാങ്ങി കേരളത്തിലെത്തിക്കും. പച്ചക്കറികളും പഴങ്ങളും കൊണ്ടുവരുന്ന വാഹനങ്ങളിലാണ് ഇവ കടത്തിയിരുന്നത്. ലഹരി വിറ്റ് പണം സമ്പാദിക്കുന്നതിൽ സംശയം തോന്നാതിരിക്കാൻ ജെയ്സൽ കൂട്ടുകാരിൽനിന്നും ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും പണം കടമെടുത്തിരുന്നു.

ഹാഷിഷ് ഓയിൽ ഗ്രാമിന് 2,000 രൂപയ്ക്കാണ് വിൽപന നടത്തിയിരുന്നത്. മണാലി ചരസ് എന്നപേരിൽ വിപണിയിലിറങ്ങുന്ന ഹാഷിഷ് ഓയിൽ ചോദിക്കുന്ന വിലയ്ക്ക് എടുക്കാൻ ആവശ്യക്കാരുണ്ടെന്ന് ജെയ്സൽ പൊലീസിനു മൊഴി നൽകി. വിൽപനയ്ക്കായി പ്രത്യേക മൊബൈൽ ആപ്ലിക്കേഷൻ ഉണ്ടെന്നും അതുവഴി ആവശ്യക്കാരുമായി ആശയവിനിമയം നടത്തുമെന്നും പ്രതി മൊഴി നൽകി.

ടൗൺ അസിസ്റ്റന്റ് കമ്മിഷണർ പി.ബിജുരാജിന്റെ നേതൃത്വത്തിലുള്ള സിറ്റി ക്രൈം സ്ക്വാഡും ഇൻസ്പെക്ടർ എൻ.പ്രജീഷിന്റെ നേതൃത്വത്തിലുള്ള കസബ പൊലീസും ചേർന്നാണ് ജെയ്സലിനെ പിടികൂടിയത്. സിറ്റി ക്രൈം സ്ക്വാഡ് അംഗങ്ങളായ എം.ഷാലു, എ.പ്രശാന്ത്കുമാർ, സി.കെ.സുജിത്ത്, കസബ സബ് ഇൻസ്പെക്ടർ രാംദാസ് സീനിയർ സിപിഒമാരായ പി.എം രതീഷ്, വി.കെ. ഷറീനബി, അജയൻ, എൻ.രജ്ഞുഷ്, മനോജ്, സുനിൽ കൈപ്പുറത്ത്, ശ്രീശാന്ത് എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe